“പറയൂ, ഇതാണോ പാകിസ്താന്‍?”കേരളത്തെ ചൂണ്ടിക്കാട്ടി അമിത് ഷായോടും ബിജെപിയോടും കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടൈംസ് നൗ കേരളത്തെ പാകിസ്താന്‍ എന്നുവിളിച്ചതില്‍ പ്രതിഷേധമറിയിച്ചുകൊണ്ടാണ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുമ്പും ബിജെപി നേതാക്കള്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിമര്‍ശനം. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് ബിജെപി പിന്മാറണമെന്നും കോടിയേരി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. കേരളത്തെ വികസന സൂചികകളില്‍ വിലയിരുത്തിക്കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

“കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷൻ ചാനൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച് ബി ജെ പി നേതാവ് തരുൺ വിജയ് നടത്തിയ അഭിപ്രായപ്രകടനവും കേരളത്തിൽ വന്ന അമിത്ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന വിധത്തിലുള്ളവയാണ്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.

– സാക്ഷരതയിൽ കേരളമാണ് ഒന്നാമത്.
– ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.
– ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നിൽ.
– പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.
– ശിശു മരണനിരക്കും ഗർഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.
– ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിൽ.
– അംഗപരിമിത സൗഹൃദ സംസ്ഥാനം.
– രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
– എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയിൽ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതിൽ ഒന്നാമത്.
– മനുഷ്യാവകാശ സംരക്ഷണത്തിൽ ഒന്നാമത്.
– സൗജന്യ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒന്നാമത്.
– സൗജന്യ ആരോഗ്യപരിപാലനത്തിൽ ഒന്നാമത്.
– വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം.
– എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.
– വർഗീയ കലാപങ്ങൾ ഇല്ലാത്തിടം.
– അയിത്താചാരങ്ങളില്ലാത്തിടം.
– ജാതി പീഡനമില്ലാത്തിടം.
– ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.
– പശുവിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.

പറയു, ഇതാണോ പാക്കിസ്ഥാൻ?
ഈ പ്രചരണങ്ങളിൽ നിന്ന് ഇനിയെങ്കിലും ബി ജെ പിക്കാർ പിൻവാങ്ങണം.

അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയായി ബി ജെ പി മാറായിരിക്കുന്നു.

കേരള ജനതയെ ഇനിയും അപമാനിക്കരുത്.”

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top