‘ചരിത്രം ഈ വിജയം’; ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിനുപയോഗിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം വിജയകരം. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചാണ് വിക്ഷേപണം നടന്നത്. ഇന്ത്യന്‍ സമയം 5.28നായിരുന്നു വിക്ഷേപണം.

3,136 കിലോ ഭാരമുള്ള ജി സാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 16.2 മിനിട്ടില്‍ വിക്ഷേപണം പൂര്‍ത്തിയാകും. വിക്ഷേപണം വിജയകരമായതോടെ ഇന്ത്യക്കാരനെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തിന് ഇന്ത്യ ഒരുപടി കൂടി അടുത്തു.

തിരുവനന്തപുരം വിഎസ്‌സിയില്‍ 25 വര്‍ഷത്തെ ശ്രമഫലമായി നിര്‍മിച്ച റോക്കറ്റിന്റെ ഭാരം 640 ടണ്‍ആണ്. 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭ്രമണപഥത്തിലെത്തിക്കുന്ന മാര്‍ക്ക്3 റോക്കറ്റിന് 10 ടണ്‍ ഭാരം സമീപ ഭ്രമണ പഥത്തിലെത്തിക്കാനും സാധിക്കും. തദ്ദേശീമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റിന് കരുത്തുപകര്‍ന്നത്.

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 19 ഉപഗ്രഹവുമായാണ് റോക്കറ്റിന്റെ കന്നികുതിപ്പ് നടന്നത്. വാര്‍ത്തവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവക്കുള്ള അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. റഷ്യ, ചൈന, അമേരിക്ക, യുറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് 4 ടണ്‍ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ശേഷിയുള്ളത്. ഈ നിരയിലേക്കുള്ള ഇന്ത്യന്‍ രംഗപ്രവേശമായാണ് മാര്‍ക്ക് 3 വിക്ഷേപണത്തെ കാണുന്നത്.

റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ആളുകളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളത്. ഈ നിരയിലെ നാലാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് സ്‌പേസിലേക്ക് ആദ്യം അയക്കുക ഒരു വനിതാ ബഹിരാകാശ യാത്രികയെ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top