രണ്ടാമൂഴം സിനിമയാക്കുന്നതറിഞ്ഞ നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതി; ലോകസിനിമയ്ക്ക് ചരിത്രമുഹൂര്‍ത്തമാണെന്ന് കത്ത്, മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയേക്കും

മോഹന്‍ലാലും മോദിയും
കൊച്ചി: രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുവെന്ന് അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതിയെന്ന് സിനിമയുടെ സംവിധായകന് വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ന്യൂസ് നൈറ്റിലാണ് സംവിധായകന്റെ പ്രതികരണം. ഈ വാര്‍ത്ത ആദ്യമായി വന്നയുടന്‍ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് ബി ആര് ഷെട്ടി സിനിമയൊരുക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ ടു ദി വേള്‍ഡ് എന്ന സങ്കല്‍പ്പം വെച്ചുതന്നെയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയെന്ന നിലയില്‍ സിനിമ ഒരുക്കുന്നതില്‍ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി കത്തെഴുതിയത്. ലോകസിനിമയ്ക്ക് ചരിത്രമുഹൂര്‍ത്തമാണെന്ന് കത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നിര്‍മാതാവും സംവിധായകനും പ്രധാനമന്ത്രിയെ നേരിട്ടുകാണും. അദ്ദേഹത്തിന് എംടിയെഴുതിയ തിരക്കഥയുടെ കോപ്പി സമ്മാനിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശശികല ഭീഷണിയാണോയെന്ന ചോദ്യത്തിന്, ഭീഷണിയായി കാണുന്നില്ല എന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. സിനിമയെക്കുറിച്ച് അവര്‍ മനസിലാക്കിയത് പോലെ അവര്‍ പറയുന്നു. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് മോശമായോ ഭീഷണിയായോ കാണുന്നില്ല. ഇനി ഒരു വിവാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലല്ലാതെ മറ്റൊരു ഭീമനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംടിയുടെ മനസിലും മോഹന്‍ലാലല്ലാതെ മറ്റൊരു ഭീമനുണ്ടായിരുന്നില്ല. സിനിമയ്ക്കായി കാസ്റ്റിംഗ് നടക്കുകയാണ്. നൂറ് ദിവസത്തിനുള്ളില്‍ ലോഞ്ച് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോളേക്കും താരങ്ങളുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടാകും. സിനിമയില്‍ അമിതാബ് ബച്ചനുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. കരാര്‍ ഒപ്പിട്ട ശേഷം മാത്രം താരങ്ങളുടെ കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമൂഴമെന്ന മലയാളത്തിലെ പേര് പുതിയ തീരുമാനമല്ല. എംടി സ്ക്രിപ്റ്റ് തന്നത് ഈ പേരില്‍ തന്നെയാണ്. മലയാളിക്ക് രണ്ടാമൂഴം സുപരിചിതമാണ്. എംടിയുടെ തര്‍ജിമയ്ക്ക് പല ഭാഷയില്‍ പല പേരുകളാണ്. അതിനാല്‍ എല്ലാവര്ക്കും തിരിച്ചറിയാനാണ് ഇത്തരത്തിലുള്ള പേര് ഇട്ടത്. ‘മഹാഭാരത ബേസ്ഡ് ഓണ്‍ എംടി വാസുദേവന്‍ നായര്‍’സ് നോവല്‍ രണ്ടാമൂഴം’ എന്നായിരിക്കും യഥാര്‍ത്ഥ പേര്. മഹാഭാരത കഥ തന്നെയാണ് രണ്ടാമൂഴവും. ഇവ തമ്മില്‍ വസ്തുതാപരമായ മാറ്റമില്ല. എംടി വ്യാസന്റെ മൗനങ്ങളെ അഭിസംബോധന ചെയ്തുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി 18 വര്‍ഷം കൊണ്ട് എഴുതപ്പെട്ട പുസ്തകമാണ് രണ്ടാമൂഴം. എടിയെപ്പോലെ ഇക്കാര്യത്തില്‍ ഗവേഷണം ചെയ്ത മറ്റൊരാളില്ല. മഹാഭാരതത്തില്‍ ഇടപെട്ട കൃഷ്ണന് മാത്രമേ സിനിമയിലുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ കൃഷ്ണന് ദിവ്യത്വം ഉണ്ടെന്നും അദ്ദേഹം ന്യൂസ് നൈറ്റില്‍ വ്യക്തമാക്കി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക