മോഹന്‍ലാലിന്റെ മഹാഭാരതത്തിന് പിന്തുണയുമായി പ്രധാനമന്ത്രി മോദി

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്കാരം മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ. ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്.

ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു.  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.  ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാനാവും കൂടിക്കാഴ്ച.

ചിത്രത്തിന് മഹാഭാരതം എന്ന് പേര് നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. മഹാഭാരതം എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ ഭീഷണി.

ഹിന്ദു ഐക്യവേദിയുടെ ഭീഷണിയെതുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് മോദി ചിത്രത്തിനുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും ഷെട്ടി കത്തില്‍ അറിയിച്ചിരുന്നു.

ആയിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലുമാവും റിലീസ് ചെയ്യുക. എം.ടി.യോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത്. അല്ലാതെ ഒരു ഭീഷണിക്കും വഴങ്ങുകയായിരുന്നില്ല-ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top