“നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി; ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?”; ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു

ഷഫിനും ഹാദിയയും

കൊല്ലം: കേരള ഹൈക്കോടതി വിവാഹം റദ്ദാക്കി വിവാദ വിധി പ്രഖ്യാപിച്ച ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ എന്താണ് വേണ്ടത് എന്ന് ഷഫിന്‍ ജഹാന്‍. 2016 ആഗസ്റ്റില്‍ വേ ടു നിക്കാഹ്.കോം എന്ന മാട്രിമോണിയല്‍ സൈറ്റില്‍ ഹാദിയയെ കണ്ടെത്തിയതുമുതല്‍ നിക്കാഹ് നടക്കുന്നതും വിവാഹം രജിസ്റ്റര്‍ ചെയ്തതും വരെയുള്ള കാര്യങ്ങള്‍ ഷഫിന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദമാക്കുന്നു.

തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നു എന്ന് കോടതിയടക്കം വാദിച്ച സാഹചര്യത്തില്‍ ഹാദിയയ്ക്കും ഷാഫിനും തങ്ങള്‍ തീവ്രവാദികളല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. അതിനിടെ ഹോസ്റ്റല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഹാദിയ അച്ഛനുമായി നടത്തിയ ഫോണ്‍ സംഭാഷണം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ് പ്രചരിക്കുകയുമുണ്ടായി.

ഹാദിയയുടെ പ്രൊപ്പോസല്‍ കണ്ട് മാതാവാണ് ആദ്യം ഹാദിയയുമായി ഫോണില്‍ സംസാരിച്ചത്. സംസാരിച്ച് ഇഷ്ടപ്പെട്ടതോടെ വാട്‌സാപ്പ് വഴി ഫോട്ടോകള്‍ കൈമാറി. വാട്‌സ് അപ്പ് സ്‌ക്രീന്‍ ഷോട്ട് അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നിക്കാഹ് നടത്താമെന്ന് ധാരണയായി. നവംബര്‍ 22ന് വിസ മാറ്റുന്നതിനായി നാട്ടിലെത്തി. ഫാമിലി സ്റ്റാറ്റസ് രേഖപ്പെടുത്തിയ പുതിയ ഓഫര്‍ ലെറ്റര്‍ കോടതിയില്‍ ഹാജരാക്കി.

നവംബര്‍ 30ന് കുടുംബത്തോടൊപ്പമാണ് ഹാദിയയെ കണ്ടത്. ഷഫിന്‍  പറയുന്നു. കോടതി അനുമതിയോടെ കോട്ടക്കലിലെ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ സൈനബയുടെ വീട്ടില്‍ വെച്ചാണ് ഹാദിയയെ കണ്ടത്. ഇസ്‌ലാമിക ആചാര പ്രകാരം നിക്കാഹ് നടത്താന്‍ ഷഫിന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനെയും ഹാദിയയുടെ മഹല്ലായ കോട്ടക്കല്‍ പുത്തൂര്‍ ജമാഅത്തിന്റെയും ഭാരവാഹികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പുത്തൂര്‍ മഹല്ല് ഖാളിയായ പാണക്കാട് സയ്യിദലി ഷിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം നിക്കാഹ് നടത്തി. മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റും ഷാഫിന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡിസംബര്‍ 20ന് കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കി.

വെറും രണ്ട് ദിവസം മാത്രമാണ് തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞതെന്നും ഷഫിന്‍ പറയുന്നു. ഡിസംബര്‍ 21നാണ് ഹാദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ടെന്ന കാര്യം അറിയിക്കുന്നത്. കോടതിയില്‍ ഹാജരായി തങ്ങള്‍ വിവാഹിതരാണെന്നും ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതി മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ച് അഭ്യര്‍ത്ഥിച്ചു. അഭ്യസ്തവിദ്യയും ബിഎച്ച്എംഎസ് ബിരുദധാരിയുമായ ഹാദിയയെ ഒന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണ് എന്ന് കോടതി തീര്‍ത്ത് പറഞ്ഞു. 156 ദിവസത്തേക്ക് ഹാദിയയെ ഹോസ്റ്റല്‍ കസ്റ്റഡിയിലേക്ക് തള്ളിവിട്ടു. അച്ഛന് മാത്രം കാണാം എന്ന ഉപാധിയോടെയാണ് ഹാദിയയെ കസ്റ്റഡിയില്‍ വിട്ടത്, ഷഫിന്‍ പറയുന്നു.

നൂറിലേറെ ആളുകള്‍ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോകള്‍, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ റസീറ്റ്, കോടതിമുറിയില്‍ തങ്ങള്‍ നല്‍കിയ മൊഴി എന്നിവ ഉണ്ടായിരിക്കുമ്പോള്‍ വിവാഹത്തിന്റെ സാധുത തെളിയിക്കാന്‍ മറ്റെന്താണ് നല്‍കേണ്ടത് എന്നും ഷഫിന്‍ ചോദിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top