സുഖോയ് വിമാനാപകടം : അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു

അച്ചുദേവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു

തിരുവനന്തപുരം : പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റ് അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു.  ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി.  ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.


വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, മന്ത്രി കടകംപള്ളി സുരേന്ദ്രനും അച്ചുദേവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് അച്ചുദേവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. അവിടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം, ഉച്ചയോടെ  പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌ക്കാരം നടക്കും.

മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ്, അച്ചുദേവിന്റെ കൂടെ വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ചയാണ് ഇരുവരുടെയും മരണം വ്യോമസേന സ്ഥിരീകരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top