ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിയ്ക്ക് പരിക്കേറ്റ സംഭവം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം റിപ്പോര്‍ട്ട് തേടി; മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയ്ക്കും ഒമ്പത് എബിവിപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു

പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്
ചെന്നൈ : മദ്രാസ് ഐഐടി ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംഭവം സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എച്ച് ആര്‍ഡി മന്ത്രാലയം ഐഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് നല്കിയ നിര്‍ദേശം. ഇരു വിഭാഗങ്ങളുടെയും വാദമുഖങ്ങള്‍ കേള്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്യാംപസിന് അകത്ത് ഇത്തരം അക്രമങ്ങള്‍ അനുവദിക്കാനാകില്ലെന്നും മന്ത്രാലയ അധികൃതര്‍ സൂചിപ്പിച്ചുണ്ട്.
അതിനിടെ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ത്ഥി സൂരജിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാര്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മര്‍ദനമേറ്റ സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്.പ്രതികളുടെ പരാതിയിലാണ് ചികിത്സയിലുള്ള സൂരജിനെതിരെ കേസെടുത്തത്.

#BeefFestShowdown : Nine booked for attacking #IIT Madras scholar
Read @ANI_news story ->https://t.co/INqaFaLOcm pic.twitter.com/NhHxtBHtdR
— ANI Digital (@ani_digital) May 31, 2017
സംഭവവുമായി ബന്ധപ്പെട്ട് ഐഐടിയും അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐഐടി ഡീന്‍ വ്ക്തമാക്കി.
തിങ്കളാഴ്ചയാണ് മദ്രാസ് ഐഐടിയിലെ എയ്റോസ്പേസ് ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷക വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി ആര് സൂരജിന് മര്‍ദനമേറ്റത്. സൂരജിന്റെ വലതുകണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ നുങ്കംപാക്കത്തുള്ള ശങ്കരനേത്രാലയത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ മാട്ടിറച്ചി വിലക്കിനെതിരെ ഐഐടി ക്യാമ്പസില്‍ ഞായറാഴ്ചയാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നിരവധി വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഐഐടിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേയ്ക്കായിരുന്നു പ്രകടനം.
ആക്രമണം നടത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കുക, പരിക്കേറ്റ സൂരജിന് ആവശ്യമായ ചികില്‍സാ ചെലവുകള്‍ ഐഐടി വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം. 80 ഓളം വിദ്യാര്‍ത്ഥികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക