“ബീഫ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല”: കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബീഫ് ഫെസ്റ്റിവലില്‍ ഇറച്ചി കഴിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി ദേവസ്വംമന്ത്രി പരസ്യമായി ഗോമാംസം കഴിച്ചെന്ന് ആരോപിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ സുരേന്ദ്രനും കൂട്ടരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് താന്‍ തടിതപ്പാറില്ലെന്നും മന്ത്രി പറഞ്ഞു.

ജാതി-മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ടെന്നും ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് തങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ബീഫ് ഫെസ്റ്റിവെലില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത് ബീഫ് തിന്നുന്ന ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേവസ്വം മന്ത്രി ഗോമാംസം ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ബീഫ് എന്നാല്‍ പശുവിറച്ചി എന്നത് സംഘ പരിവാര്‍ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ട്. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍. ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് ഞങ്ങള്‍ പ്രതിരോധ പ്രക്ഷോഭം നടത്തുന്നത്. ബിജെപി ഇപ്പോള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മാര്‍ക്കറ്റില്‍ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഞങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും.

ഇങ്ങനെയായിരുന്നു കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top