പ്രതീക്ഷ അവസാനിച്ചു, മലയാളി പൈലറ്റുമായി കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

ദില്ലി: കഴിഞ്ഞ ദിവസം രണ്ട് പൈലറ്റുമാരുമായി കാണാതായ എയര്‍ഫോഴ്‌സിന്റെ സുഖോയ് -30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചൈനീസ് അതിര്‍ത്തിയിലുള്ള കാട്ടിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മലയാളി ഉള്‍പ്പെടെയുള്ള രണ്ട് പൈലറ്റുമാരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് അവസാനിച്ചിരിക്കുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യോവസേന ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തിരച്ചില്‍ പുരഗമിക്കുകയാണെന്നും പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പൈലറ്റുമാര്‍ രക്ഷപെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.

പരിശീലന പറക്കലിനിടെയായിരുന്നു വിമാനം കാണാതായത്. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റ്മാരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയായിരുന്നു. പന്തീരാങ്കാവ് പന്നീയൂര്‍ക്കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് അപകടത്തില്‍പ്പെട്ട മലയാളി. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റൊരാള്‍.

അസാമിലെ തേസ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കൊടുംവനത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെവെച്ചായിരുന്നു വിമാനം കാണാതായത്.

മെയ് 23 നാണ് പരിശീലന പറക്കലിനിടെ സുഖോയ് 30 ജെറ്റ് വിമാനം കാണാതാവുകയായിരുന്നു. തേസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍ രാവിലെ എകദേശം 11.30 ഓടെയാണ് വിമാനവുമായി അവസാനം ആശയവിനിമയം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരത്തിലാണ് തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

പന്നിയൂര്‍ക്കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്ആര്‍ഒ ജീവനക്കാരനായിരുന്ന ഇദ്ദേഹം നിലവില്‍ തിരുവനന്തപുരത്താണ് താമസം. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേന താവളത്തിലേക്ക് തിരിച്ചിരുന്നു.

1990 കളിലാണ് റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഡബിള്‍ എഞ്ചിനോട് കൂടിയ സുഖോയ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. ഇതിനോടകം ആറ് സുഖോയ് വിമാനങ്ങളാണ് വ്യോമസേനയ്ക്ക് നഷ്ടമായിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top