‘ഗൂഗിള്‍ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കം’; ഗുരുതരപിഴവുകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളായ മിടുക്കന്മാര്‍

പ്രതാകാത്മക ചിത്രം

കൊച്ചി: എന്തെങ്കിലും പ്രശ്‌നമോ സംശയമോ ഉണ്ടെങ്കില്‍ വേഗം ഗൂഗിളിനോട് ചോദിക്കാനാണ് നാം ഓടുക. കാരണം തെറ്റുപറ്റാതെ എല്ലാം ചെയ്യുകയും പറയുകയും ചെയ്യുന്നയാളാണ് ഗൂഗിളെന്ന് നമുക്കറിയാമെന്നത് തന്നെ. എന്നാലുമാ ഗൂഗിളിനും ഇടയ്ക്ക് തെറ്റ് പറ്റില്ലേ? ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം നല്‍കാറുണ്ട്. ഇങ്ങനെ പ്രധാന പിഴവുകള്‍ കണ്ടെത്തിയവര്‍ക്ക് ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരവും, പ്രതിഫലവും നല്‍കും. ഇപ്പോളിതാ ഹോള്‍ ഓഫ് ഫെയിമില്‍ മലയാളിത്തിളക്കമാണ്. ഈ മിടുക്കന്മാരെല്ലാം 21 വയസില്‍ താഴെയുള്ളവരാണെന്നത് അതിലേറെ ശ്രദ്ധേയമാണ്.

ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് കാസര്‍ഗോഡ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥന്‍ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ശ്രീനാഥ്. വെബ്‌സൈറ്റില്‍ മെല്‍ഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. ഈ പിഴവ് ശ്രദ്ധയില്‍ പെടുത്തിയതിനാണ് ഇദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിപിഐഎം കാസര്‍ഗോഡ് ജില്ലാസെക്രട്ടേറിയേറ്റ് അംഗം ടിവി ഗോവിന്ദന്റെ കൊച്ചുമകനാണ് ശ്രീനാഥ്.

റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന ബഗ് കണ്ടെത്തിയാണ് തിരുവനന്തപുരത്തെ പതിനാറുകാരനായ അഭിഷേക് പട്ടികയില്‍ ഇടംപിടിച്ചത്. അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് 16കാരനായ അഭിഷേക്. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ വിജിത്തും ഹോള്‍ ഓഫ് ഫെയിമിലുണ്ട്. തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിജിത്ത്, കേരളാ പൊലീസിന്റെ സൈബര്‍ഡോമിലെ അസിസ്റ്റന്റ് കമാന്ററായും പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ മാപ്പ്‌സിലെ സുരക്ഷാ പ്രശ്‌നമാണ് ഈ വിദ്യാര്‍ത്ഥി കണ്ടെത്തിയത്. ഗൂഗിള്‍ മാപ്പ്‌സിലൂടെ മറ്റുള്ളവരുടെ ലൊക്കേഷന്‍ ചോര്‍ത്താനാകുന്ന ഒരു ബഗാണ് ഇദ്ദേഹം കണ്ടെത്തിയത്. ഇവരെ കൂടാതെ നിരവധിയാളുകളും ഗൂഗിള്‍ ഹോള്‍ ഓഫ് ഫെയിമിലിടം പിടിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ ഡിവൈസുകളിലെയും പ്രധാന ഡൊമൈനുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക് വിദഗ്ധര്‍ക്കുമാണ് ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം നല്‍കുന്നത്. ഓരോ പിഴവിനും അതിന്റെ നിലവാരത്തിനനുസരിച്ചാണ് ഹോള്‍ ഓഫ് ഫെയിം നല്‍കുന്നത്. ഈ മിടുക്കന്മാരുടെ വിവരങ്ങള്‍ ലോകത്തെ അറിയിക്കാനായി ഗൂഗിളിന്റെ പ്രത്യേകപേജുമുണ്ട്. കണ്ടെത്തലിനനുസരിച്ച് വലിയ പുരസ്‌കാരങ്ങളാണ് പണമായി നല്‍കുന്നതും. ഹോള്‍ ഓഫ് ഫെയിമായി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാകും പുരസ്‌കാരമെത്രയെന്ന് തീരുമാനിക്കുക.

ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ടെക്കികളാണ് ബഗുകള്‍കണ്ടുപിടിക്കാനായി കഷ്ടപ്പെടുന്നത്. ടെക്കികള്‍ക്ക് ലോകത്ത് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നാണിത്. ആ പട്ടികയിലാണ് മലയാളിത്തിളക്കവുമായി ഈ കൗമാരക്കാര്‍ കേരളത്തിന് അഭിമാനമായി നിലകൊള്ളുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top