“കാല കരികാലന്‍”: സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി; സംവിധാനം പാ രഞ്ജിത്


ചെന്നൈ: കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഹിറ്റ്‌മേക്കര്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. കാല കരികാലന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് ഇത് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തലൈവര്‍ 164 എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. പോസ്റ്റര്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ടോപ് ട്രെന്‍ഡിംഗില്‍ ഇത് ഇടം പിടിച്ചു.

ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 28 ന് മുംബൈയില്‍ ആരംഭിക്കും. അന്നുതന്നെ രജനി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. സിനിമയുടെ 70 ശതമാനവും മുംബൈയിലാണ് ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് രജനിയും ധനുഷും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.


തമിഴ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും അതിനാലാണ് ഇത്തരമൊരു പേര് ചിത്രത്തിന് നല്‍കിയതെന്നും സംവിധായകന്‍ വ്യക്തമാക്കി. “സംഘ കാലഘട്ടത്തിലെ ചോള രാജാവായിരുന്നു കരികാലന്‍. കാവേരി നദിക്ക് കുറുകെ കല്ലനൈ ഡാം നിര്‍മിക്കുന്നത് ഉള്‍പ്പെടെ തമിഴ്‌നാടിന്റെ ചരിത്രത്തില്‍ നിരവധി നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണദ്ദേഹം. മാത്രവുമല്ല, ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ കരികാലനെ പാതിദൈവമായാണ് കണക്കാക്കുന്നത്. മുംബൈയില്‍ ജീവിക്കുന്ന തമിഴ് ജനതയെ കുറിച്ചുള്ള ചിത്രത്തിന് ഈ പേരുതന്നെയാണ് അനുയോജ്യമെന്ന് തോന്നി”. രഞ്ജിത് പറഞ്ഞു.

സമ്മിശ്ര നിരൂപണങ്ങള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കബാലി. രജനി-രഞ്ജിത് മാജിക് കാല കരികാലനിലൂടെ വീണ്ടും സൃഷ്ടിക്കപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ വിദ്യാബാലനെയാണ് നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ഷൂട്ടിംഗ് തീയതിയിലെ പ്രശ്‌നങ്ങള്‍ കാരണം പിന്‍മാറുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top