മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും സംഘടനയ്ക്കുള്ളതല്ല;ശശികലയുടേയും താങ്കളുടേയും മൂച്വല്‍ ഫ്രണ്ടായ സംഘികള്‍ക്ക് ഇത് മനസിലാക്കിക്കൊടുക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന് മോഹന്‍ലാലിനോട് വി ടി ബല്‍റാം

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി ആരാഞ്ഞ് വി ടി ബല്‍റാം എംഎല്‍എ.  മഹാഭാരതം എന്ന പേര് നല്‍കിയാല്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് കെ പി ശശികലയും ഹിന്ദു ഐക്യവേദിയും പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മോഹന്‍ലാലിന്റെ പ്രതികരണമാണ് ബല്‍റാം ആവശ്യപ്പെടുന്നത്. പരിഹാസരൂപേണ ഫെയ്‌സ്ബുക്കിലാണ് ബല്‍റാം മോഹന്‍ലാലിന്റെ പ്രതികരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ബഹുമാനപ്പെട്ട ശ്രീ മോഹന്‍ലാല്‍ എന്ന അഭിസംബോധനയോടെയാണ് ബല്‍റാമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സുനില്‍ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കള്‍ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു എന്ന് ബല്‍റാം പറയുന്നു. തിരക്കുകള്‍ക്കിടയില്‍ താങ്കള്‍ക്കത് കേള്‍ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് രണ്ട് രീതിയില്‍ മോഹന്‍ലാലിന് പ്രയോജനപ്പെടുമെന്നാണ് ബല്‍റാം ചൂണ്ടിക്കാട്ടുന്നത്.

രണ്ടാമൂഴത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ താങ്കളവതരിപ്പിക്കാന്‍ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ പ്രഭാഷണം കാണുന്നത് ഉചിതമായിരിക്കുമെന്നാണ് ബല്‍റാം പറയുന്നത്. അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബല്‍റാം കുറിച്ചു.

താങ്കളുടെ സിനിമക്ക് മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തിയേറ്റര്‍ കാണില്ലെന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെപി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് പ്രഭാഷണം ഉപകരിക്കുമെന്നും ബല്‍റാം പറയുന്നു.

മഹാഭാരതമെന്നാല്‍ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ല. സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണത്. അതൊരു കേവല മതഗ്രന്ഥമായി കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ല. താങ്കളുടെയും ശശികലയുടേയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top