കൊല്‍ക്കത്തയുടെ റൈഡിംഗ് അവസാനിച്ചു; മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍

ബംഗളുരു: ഐപിഎല്‍ പത്താം സീസണിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും പൂനെ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് തകര്‍ത്താണ് മുംബൈ കലാശക്കളിക്ക് അര്‍ഹത നേടിയത്. കൊല്‍ക്കത്തെ ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം മുംബൈ 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (26), ക്രുണാല്‍ പാണ്ഡ്യ (45) എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു മുംബൈയുടെ വിജയം.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തി കൊല്‍ക്കയുടെ നടുവൊടിച്ച സ്പിന്നര്‍ കരണ്‍ ശര്‍മയാണ് കളിയിലെ താരം. സ്‌കോര്‍: കൊല്‍ക്കത്ത 18.5 ഓവറില്‍ 107 പുറത്ത്; മുംബൈ 14.3 ഓവറില്‍ നാലിന് 111. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയില്‍ രോഹിത് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവ് വിജയവും ഫൈനല്‍ പ്രവേശവും സമ്മാനിക്കുകയായിരുന്നു.

ഫൈനലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. ഞായറാഴ്ച ഹൈദരാബാദിലാണ് കിരീടപ്പോരാട്ടം. ആദ്യ ക്വാളിഫയറില്‍ മുംബൈയെ 20 റണ്‍സിന് തകര്‍ത്തായിരുന്നു പൂനെ ആദ്യമായി ഫൈനലില്‍ പ്രവേശിച്ചത്.

രണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ മുംബൈയുടെ സമഗ്രാധിപത്യമായിരുന്നു കണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈയുടെ കണിശതയാര്‍ ബൗളിംഗിന് മുില്‍ കൊല്‍ക്കത്ത തകര്‍ടിയുകയായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ കരണ്‍ ശര്‍മയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്‌റയുമാണ് റൈഡേഴ്‌സിന്റെ ചിറകരിഞ്ഞത്. നാലോവറില്‍ വെറും 16 റണ്‍സ് വഴങ്ങിയാണ് കരണ്‍ നിര്‍ണായകമായ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. മൂന്നോവറില്‍ ഏഴ് റണ്‍സ് വഴങ്ങിയായിരുന്നു ബൂമ്‌റയുടെ മൂന്ന് വിക്കറ്റ് നേട്ടം.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്ക് തെറ്റിയില്ല. ബൗളര്‍മാര്‍ കളംവാണപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ കൊല്‍ക്കത്ത വിഷമിച്ചു. ആ സമ്മര്‍ദ്ദം വിക്കറ്റ് വീഴ്ചയിലേക്കും നയിച്ചു. ഓപ്പണര്‍മാരായ ക്രിസ് ലിന്നും (4) വെടിക്കെട്ട് താരം സുനില്‍ നരൈനും (10) അമ്പേ പരാജയപ്പെട്ടു. മിച്ചല്‍ ജോണ്‍സണിന്റെയും ബൂമ്‌റയുടേയും കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ ഇരുതാരങ്ങളും വിയര്‍ത്തു. ബൂമ്‌റ തന്റെ ആദ്യ സ്‌പെല്ലില്‍ രണ്ടോവറില്‍ മെയ്ഡന്‍ ഉള്‍പ്പെടെ വെറും രണ്ട് റണ്‍സാണ് വഴങ്ങിയത്. ഉത്തപ്പ, ലിന്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

പിന്നീട് വന്നവര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഗംഭീര്‍ (12), ഈ സീസണിലെ റണ്‍മെഷീന്‍ ആയിരുന്ന ഉത്തപ്പ (1) എന്നിവര്‍ മധ്യനിരയില്‍ തകര്‍ന്നു. ഇതോടെ മികച്ച സ്‌കോറെന്ന കോല്‍ക്കത്തയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ഇഷാങ്ക് ജഗ്ഗി (28), സൂര്യകുമാര്‍ യാദവ് (31) എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 31 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ജഗ്ഗിസൂര്യകുമാര്‍ സഖ്യമാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളിലും മുംബൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top