പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് തക്കതായ മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രിയുടെ നിര്‍ദ്ദേശം

അരുണ്‍ ജെയ്റ്റലി

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് തക്കതായ മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്‍ദ്ദേശം. ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും പാകിസ്താന്‍ നടത്തുന്ന നുഴഞ്ഞു കയറ്റങ്ങളെ സൈന്യം ഏതു വിധേയനെയും തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ നിയന്ത്രണരേഖ സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ സൈന്യം പുലര്‍ത്തുന്ന ഉത്സാഹത്തെ അനുമോദിക്കാതെ വയ്യ. ഏതു തരത്തിലുള്ള നുഴഞ്ഞകയറ്റങ്ങളെയും ചെറുക്കാന്‍ സൈന്യം സന്നദ്ധരാണ്. നുഴഞ്ഞ് കയറ്റത്തെ ചെറുക്കുന്ന കാര്യത്തില്‍ സൈന്യത്തിന് ഏകാഭിപ്രായമാണ് ഉള്ളത്”. അദ്ദേഹം നിരീക്ഷിച്ചു. വെടിനിര്‍ത്തല്‍ ലംഘനത്തിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ തക്കതായ മറുപടി നല്‍കാന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്‍കിയതായും ജെയ്റ്റ്‌ലി വ്യക്തമാക്കി. കശ്മീര്‍ താഴ്‌വരയില്‍ ഉയരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും ഇത് തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സൈന്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ നല്‍കിയ സൈനികരെയോര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞ പ്രതിരോധ മന്ത്രി യുവാവിനെ മനുഷ്യകവചമാക്കി കശ്മീരില്‍ സൈന്യം റോന്തു ചുറ്റിയ നടപടിയെ തള്ളിപ്പറയാന്‍ തയാറായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് സൈന്യം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top