special page

ഇന്ത്യയില്‍ ഒന്നും ഉണ്ടാകുന്നില്ല? മോദി ഭരണകാലത്ത് ദശാബ്ദത്തിലാദ്യമായി തൊഴിലില്ലായ്മ രൂക്ഷം

പ്രതീകാത്മക ചിത്രം

ദില്ലി: ഓരോ വര്‍ഷവും ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം. എന്നാല്‍, ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴില്‍ മേഖല കിടക്കുന്നത്. ഗവണ്മെന്റിന്റെ ലേബര്‍ ബ്യൂറോ പുറത്തുവിട്ടതാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍. സയന്‍സ്, എഞ്ചിനിയറിങ് ഡിഗ്രിയുള്ളവര്‍ ഏറ്റവും കൂടുതലായി ജോലി ചെയ്യുന്ന ഐടി മേഖലയില്‍ മുമ്പില്ലാത്തവിധത്തില്‍ പിരിച്ചുവിടല്‍ വര്‍ധിച്ചതും മോദി ഭരണകാലത്ത് തന്നെ.

മെയ്ക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള വ്യാവസായിക പദ്ധതികള്‍ ആരംഭിച്ചെങ്കിലും ഓരോ വര്‍ഷവും തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 56,000 എഞ്ചിനിയര്‍മാരെയാണ് ഏഴ്വന്‍കിട ഐടി കമ്പനികള്‍ ഈ വര്‍ഷം പിരിച്ചുവിടാന്‍ പോകുന്നത്. ഇതിന്റെ ഫലമായാണ് ഇന്ത്യയിലെ ആദ്യ ഐടി തൊഴിലാളി യൂണിയന്‍ രൂപപ്പെടുന്നതും.

തൊഴിലില്ലാതെയുള്ള സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പോകുന്നത്രയും കാലം അതില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും അതിനെ മറികടക്കുക എളുപ്പമല്ലെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക നിര്‍ദേശക കൗണ്‍സില്‍ മുന്‍ അംഗം എം ഗോവിന്ദ റാവു പറയുന്നു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ പോലുള്ള പദ്ധതികളുണ്ടാക്കിയ ജോലി വളര്‍ച്ചയുമായി  ജിഡിപി വളര്‍ച്ചാനിരക്കിനെ കൂട്ടിവായിക്കല്‍ അപര്യാപ്തമാണ്എന്ന് സിംഫണി ടെക്‌നോളജി ഗ്രൂപ്പ് മേധാവി രൊമേഷ് വാധ്വാനി പറഞ്ഞു.

“സംഘടിത, കോര്‍പ്പറേറ്റ് തൊഴില്‍ മേഖലകളില്‍ മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ആഗോള മാന്ദ്യവും പ്രാദേശിക ഘടകങ്ങളും ഈ പ്രശ്‌നത്തിന് ആക്കം കൂട്ടുന്നേയുള്ളൂ.” സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പ്രണബ് സെന്‍ പറയുന്നു.

“ഒരു വികസ്വര രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തൊഴില്‍ മേഖലയിലുള്ള മാന്ദ്യം ദുരന്തം സൃഷ്ടിക്കും.” ജാമിയ മില്ലിയ ഇസ്‌ലാമിയ സോഷ്യോളജി വകുപ്പ് മേധാവി നിഷാത് ഖൈ്വസര്‍ പറയുന്നു. “ആഗ്രഹിക്കുന്ന തരം തൊഴില്‍ ചെയ്യാന്‍ കഴിയാത്ത യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്കും ആക്രമണങ്ങളിലേക്കും പോകും. രാജ്യത്ത് നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ കുറ്റകൃത്യങ്ങള്‍ എണ്ണത്തില്‍ വര്‍ധിക്കാനും ഒരു കാരണം ഇതുതന്നെ. ജല്ലിക്കെട്ടു വിഷയത്തിലുണ്ടായ സമരം പലതരത്തിലുള്ള അതൃപ്തിയുടെ പൊട്ടിത്തെറിയാണ് എന്നുവേണം കരുതാന്‍.” നിഷാത് പറഞ്ഞു. മൂലധനത്തിന്റെ പതുക്കെയുള്ള വളര്‍ച്ചയാണ് തൊഴിലില്ലായ്മക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top