“ഭീഷണിപ്പെടുത്തല്‍ വിലപ്പോകില്ല, നമുക്ക് കാണാം”: മുഖ്യമന്ത്രി പിണറായി വിജയന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ തനിക്കെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി. സിപിഐഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്നും ഭീഷണികള്‍ കൊണ്ട് ആ യാഥാര്‍ത്ഥ്യത്തെ മൂടി വെയ്ക്കുവാനോ മാറ്റി മറിയ്ക്കാനോ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി നിയമസഭയില്‍ തനിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയെന്നോണം പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തില്‍ ഉള്ള നീക്കങ്ങള്‍ ഉള്‍പ്പടെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളെ വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഇത്തരം നിലപാടുകളോടുള്ള പ്രതികരണം ‘നമുക്ക് കാണാം’ എന്ന് മാത്രമാണ്.

മുഖ്യമന്ത്രിയോട് തനിക്കുള്ള എതിര്‍പ്പ് രാഷ്ട്രീയപരമായി മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ സ്റ്റാലിനിസ്റ്റ് ഹിംസാത്മക രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിന് മോചനം ലഭിക്കണം എന്ന വിശ്വാസത്തില്‍ നിന്നുമാണ് ആ എതിര്‍പ്പ് ഉണ്ടാകുന്നത്. ഭീഷണിപ്പെടുത്തുവാന്‍ നിങ്ങളാല്‍ ആകും വിധം ശ്രമിച്ചു കൊള്ളുക. നിങ്ങള്‍ക്ക് മുന്‍പും പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമമാണ് അത്. ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

കേരള സംസ്ഥാനവും അതിന്റെ യുവ ജനതയും കര്‍ഷകരും മറ്റു അടിസ്ഥാന വര്‍ഗ്ഗവും ഒക്കെ പ്രതീക്ഷിക്കുന്നത് അവരുടെയെല്ലാം ശോഭനമായ ഭാവി ഉറപ്പു വരുത്തുന്ന സര്‍ക്കാരിനെയാണ്. അല്ലാതെ കൊലപാതകങ്ങളുടെയും, ഭീഷണിയുടെയും, അഴിമതിയുടെയും ഇന്നലെകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top