ചികിത്സയ്ക്ക് സഹായം തേടിയുള്ള കാന്‍സര്‍ രോഗിയായ മകളുടെ അഭ്യര്‍ത്ഥന അവഗണിച്ച് പിതാവ്; വേദന തിന്ന് ഒടുവില്‍ സായി ശ്രീ ലോകത്തോട് വിടപറഞ്ഞു; വീഡിയോ

സായി ശ്രീ

വിജയവാഡ: തന്റെ ജീവന്‍ രക്ഷിക്കണമെന്ന് മകള്‍ അപേക്ഷിച്ചാല്‍ ഏതൊരച്ഛനാണ് അത് കണ്ടില്ലെന്ന് നടിക്കാനാകുക, അതും കാന്‍സര്‍ രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന മകളുടെ അപേക്ഷ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സക്ക് വഴിയില്ലാതെ വന്നതോടെയാണ് പതിമൂന്നുകാരിയായ സായി ശ്രീ പിതാവിനോട് കെഞ്ചിയത്. പണമുണ്ടായിട്ടും സായിയുടെ പിതാവ് സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഒരു ചികിത്സയ്ക്കും കാത്തു നില്‍ക്കാതെ സായി ലോകത്തോട് വിടപറഞ്ഞു. സായി പിതാവ് ശിവകുമാറിനയച്ച വാട്‌സ്ആപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രണ്ട് വര്‍ഷമായി സായിയുടെ അച്ഛനും അമ്മ സുമ ശ്രീയും വിവാഹബന്ധം വേര്‍പ്പെട്ട് പിരിഞ്ഞു കഴിയുകയാണ്. മകള്‍ക്ക് കാന്‍സറാണെന്ന് വ്യക്തമായതോടെ പണം കണ്ടെത്താന്‍ സുമ ശ്രീക്ക് കഴിഞ്ഞില്ല. വീട് വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ശിവ കുമാര്‍ ഇടപെട്ട് അത് മുടക്കി. ശിവകുമാറിനയച്ച വീഡിയോയില്‍ സായി ശ്രീ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.

‘അച്ഛാ, എന്റെ ചികിത്സയ്ക്കായി പണമില്ലെന്ന് താങ്കള്‍ പറയുന്നു. ഈ വീടെങ്കിലും നമുക്കുണ്ട്. ഇത് വിറ്റ് എന്നെ ചികിത്സിക്കാന്‍ അച്ഛന്‍ തയ്യാറാകണം. ചികിത്സയുമായി അധികനാള്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്റെ ജീവന്‍ രക്ഷിക്കാന്‍ അച്ഛന്‍ എന്തെങ്കിലും ചെയ്യണം’ സായി ശ്രീ വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്, കഴിവുണ്ടായിട്ടും ചികിത്സിക്കാന്‍ പണം ചെലവഴിക്കാന്‍ തയ്യാറാകാത്തതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജയവാഡ സിറ്റി പൊലീസ് കമ്മീഷണറിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top