ജിഎസ്ടി ബില്ലിനെപ്പറ്റി വാതോരാതെ വിവരിച്ച് യോഗി ആദിത്യനാഥ്; കൂര്‍ക്കം വലിച്ചുറങ്ങി എംഎല്‍എമാര്‍ (വീഡിയോ)

യോഗി ആദിത്യനാഥ്

ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനം പ്രക്ഷുബ്ധവും സംഭവബഹുലവുമായിരുന്നു. എന്നാല്‍ രണ്ടാം ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിഎസ്ടി ബില്ലിനെ സംബന്ധിച്ച് നടത്തിയ വിവരണം കേട്ട് ഉറങ്ങുന്ന എംഎല്‍എമാരുടെ കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരിക്ക് വക നല്‍കിയിരിക്കുന്നത്. ജിഎസ്ടിയെപ്പറ്റി ചില സുപ്രധാന കാര്യങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രി വിവരിക്കുമ്പോള്‍ എംഎല്‍എമാര്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുകയാണ്‌.

ലഖ്നൗ ലോകഭവനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിഎസ്ടിയെപ്പറ്റി വിവരിക്കുമ്പോള്‍ എംഎല്‍എമാര്‍ ഉറങ്ങുന്ന രംഗങ്ങള്‍ എഎന്‍ഐ ഒപ്പിയെടുത്തത്. നിയമസഭ നടപടികള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി സഭാസമ്മേളനം ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആദിത്യനാഥിന്റെ തീരുമാനവും എംഎല്‍എമാര്‍ക്ക് പാരയായി. തങ്ങള്‍ വോട്ട് നല്‍കി നിയമസഭയിലെത്തിച്ച  എംഎല്‍എമാരുടെ പണിയെന്തെന്ന് ജനങ്ങള്‍ നേരിട്ട് കാണുകയും ചെയ്തു.

ജൂലൈയില്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുദ്ദേശിക്കുന്ന ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ ബില്ലുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ജിഎസ്ടി ബില്ലിന് ഇതിനോടകം അനുമതി ലഭിച്ചു കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top