ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ പുറത്തുവിടും; ഡിസ്‌നിക്ക് ഹാക്കര്‍മാരുടെ ഭീഷണി

കാലിഫോര്‍ണിയ: ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പുറത്തിറക്കാനിരിക്കുന്ന പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് ഡിസ്‌നിക്ക് ഹാക്കര്‍മാരുടെ ഭീഷണി. ഡിസ്‌നി സിഇഒ ബോബ് ഇഗെറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഏത് ഭാഗമാണ് പുറത്തുവിടുന്നത് എന്നത് സംബന്ധിച്ച് ബോബ് വ്യക്തമാക്കിയില്ല.

അതേസമയം, പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ ഏറ്റവും പുതിയ പതിപ്പായ ‘പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടെയ്ല്‍സ്’ പുറത്തുവിടുമെന്നാണ് ഭീഷണിയെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത് മിനിട്ട് ദൈര്‍ഘ്യമുള്ള അധ്യായങ്ങലായി ചിത്രം പുറത്തുവിടുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി. മെയ് 26നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഹാക്കര്‍മാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇഗെര്‍ വ്യക്തമാക്കി. ലോകമെങ്ങും റാന്‍സംവെയര്‍ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഡിസ്‌നിയേയും ഹാക്കര്‍മാര്‍ വലയിലാക്കിയിരിക്കുന്നത്.

ജോണി ഡെപ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി എത്തുന്ന പൈറേറ്റ്സ് ഒാഫ് കരീബിയന്റെ മുന്‍ ഭാഗങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top