“ഗോരക്ഷാ സേനയും ആന്റി റോമിയോ സ്‌ക്വാഡും ബിജെപിയുടെയും ആര്‍എസ്സ്എസ്സിന്റെയും ഗുണ്ടകള്‍; മോദി ഇന്ത്യയെ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്ക്” കടന്നാക്രമിച്ച് സീതാറാം യെച്ചൂരി

ത്രിപുര: ബിജെപിയുടെ നിലപാടുകളേയും യോഗി ആദിത്യനാഥിനേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. യോഗിയുടെ ആന്റി റോമിയോ സ്വാഡിനെയും മോദിയുടെ മന്‍ കി ബാത്തിനെയും അദ്ദേഹം പരിഹസിച്ചു. രാജ്യം മുഴുവന്‍ നിയമം കയ്യിലെടുത്ത് വിലസുന്ന ഗോരക്ഷാ സേനയേയും അദ്ദേഹം വെറുതെ വിട്ടില്ല.

“ഗോരക്ഷാ സേനയും ആന്റി റോമിയോ സ്‌ക്വാഡും ഭരണഘടനാ വിരുദ്ധമായവയാണ്. ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി ഇവയെ നിരോധിക്കണം. ഗോരക്ഷാ സേനയും ആന്റി റോമിയോ സ്‌ക്വാഡും ബിജെപിയുടെയും ആര്‍എസ്സ്എസ്സിന്റെയും ഗുണ്ടകളാണ്. ഇവര്‍ നിയമം കയ്യിലെടുക്കുന്നു. നിയമം നടപ്പിലാക്കുന്നു എന്നമട്ടില്‍ ദളിതരേയും ന്യൂനപക്ഷങ്ങളേയും കൊല്ലുന്നു. അവര്‍ ജനങ്ങളുടെ ഇടയില്‍ ഭീതിവിതയ്ക്കുന്നു” സീതാറാം പറഞ്ഞു.

“നിങ്ങള്‍ ഒരുപക്ഷേ പ്രധാനമന്ത്രി മോദിയുടെ മന്‍ കി ബാത്ത് എന്ന് കേട്ടിട്ടുണ്ടാവാം. എന്നാല്‍ 22 കോടി യുവ ജനങ്ങള്‍ ജോലിയില്ലാതെ കഴിയുന്നതിനേക്കുറിച്ചോ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനേക്കുറിച്ചോ വില വര്‍ദ്ധനവിനേക്കുറിച്ചോ മത മൈത്രി തകരുന്നതിനേക്കുറിച്ചോ അദ്ദേഹം പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?” യെച്ചൂരി ചോദിച്ചു.

മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കുന്നത്. തിളക്കാമാര്‍ന്ന പുതിയ ഇന്ത്യയെ നിര്‍മിക്കാന്‍ നാം പൊരുതുകതന്നെ വേണമെന്ന് യുവാക്കളെ ആഹ്വാനം ചെയ്യാനും അദ്ദേഹം മടിച്ചില്ല. ത്രിപുരയില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top