യേശുവിനെ അനുകരിക്കാന്‍ വെള്ളത്തിനുമീതെ നടക്കാന്‍ ശ്രമിച്ചു; പാസ്റ്ററെ മുതല തിന്നു

പ്രതീകാത്മക ചിത്രം

അബുജ: ബൈബിളില്‍ വിവരിക്കുന്ന യേശുവിന്റെ ചില അത്ഭുത കഥകളെങ്കിലും ഒരുപക്ഷേ മതഭേദമന്യെ നാമെല്ലാവരും കേട്ടിരിക്കും. എന്നാല്‍ അത്തരം അത്ഭുതങ്ങള്‍ ചെയ്യാനാകുമെന്നവകാശപ്പെട്ട പാസ്റ്ററുടെ വാര്‍ത്ത ഇപ്പോള്‍ ആഗോളതലത്തില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. അത്ഭുതം പ്രവര്‍ത്തിച്ച് ‘ജനഹൃദയങ്ങള്‍’ കീഴടക്കാനിറങ്ങിയ പാസ്റ്ററുടെ ഹൃദയമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ മൂന്നുമുതലകള്‍ ചേര്‍ന്ന് ആഹാരമാക്കി.

ലാസ്റ്റ് ഡേയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജൊനാതന്‍ ഇംതെത്വ എന്ന പാസ്റ്ററാണ് അത്ഭുതം പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുതലകളുടെ വയറ്റിലായത്. ഇന്നലെ രാവിലെയാണ് തന്റെ അനുയായികളെ ക്രിസ്തുവിന്റെ അത്ഭുതം പ്രവര്‍ത്തിച്ചുതന്നെ കാണിച്ചുകൊടുത്ത് ഞെട്ടിക്കാന്‍ ജൊനാതന്‍ തീരുമാനിച്ചത്. എന്നാല്‍ അനുയായികള്‍ ഞെട്ടിയത് തങ്ങളുടെ നേതാവിനെ മുതല തിന്നുന്നത് കണ്ടാണ്.

അത്ഭുതത്തിന് സാക്ഷിയായവര്‍ പറയുന്നതിങ്ങനെ, “വിശ്വാസത്തിന്റെ ശക്തിയേപ്പറ്റി അദ്ദേഹം (പാസ്റ്റര്‍) ഞങ്ങളെ ആഴത്തില്‍ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അത് നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിത്തരാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് (ശനിയാഴ്ച്ച) കാണിച്ചുതരാം എന്നായിരുന്നു തീരുമാനം” ഡെക്കോണ്‍ ങ്കോസി എന്ന വിശ്വാസി വിവരിച്ചു

“എന്നാല്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ച ഉടനെ അദ്ദേഹം താഴ്ന്നുപോയി. ഉടനെ തന്നെ പാഞ്ഞെത്തിയ മൂന്ന് മുതലകള്‍ അദ്ദേഹത്തെ ആഹാരമാക്കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ അവസാനിപ്പിച്ചു. അവസാനം ഒരു അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രം വെള്ളത്തിനുമുകളിലൂടെ ഒഴുകിനടന്നു” ഡെങ്കോണ്‍ വിശദമാക്കി. എന്നാല്‍ എത്ര ആലോചിച്ചിട്ടും ഡെക്കോണിന് മനസിലാകാത്ത ഒരു കാര്യമുണ്ട്. എന്നാലും പാസ്റ്റര്‍ എങ്ങനെ താഴ്ന്നുപോയി?

“എന്നാലിപ്പോഴും അതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് പിടികിട്ടുന്നില്ല. കാരണം കഴിഞ്ഞ ആഴ്ച്ച മുഴുവന്‍ അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു” ദൃക്‌സാക്ഷി അത്ഭുതം പ്രകടിപ്പിച്ചു. പാസ്റ്റര്‍ നേരത്തെ വെള്ളത്തിനുമുകളില്‍ നടന്നതായി അവകാശപ്പെട്ടെന്നും കണ്ടുനിന്നവര്‍ പറയുന്നു.

സൗത്ത് ആഫ്രിക്കയുടെ നാഷണല്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ നെറ്റ് വര്‍ക്കായ ഇആര്‍24 എത്തിയപ്പോള്‍ സംഭവം നടന്നിട്ട് അരമണിക്കൂര്‍ പിന്നിട്ടിരുന്നു. പാസ്റ്ററുടെ അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രമേ അവര്‍ക്കും കണ്ടെടുക്കാനായുള്ളൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top