special page

“ഒന്നുകില്‍ പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്തൂ, അല്ലെങ്കില്‍ ഇത് ധരിക്കൂ” മോദിക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ

ധരംവിര്‍ സിംഗും ഭാര്യ സുമനും

ഛണ്ഡീഗഡ്: പാകിസ്ഥാനെ ഇന്ത്യ നിലയ്ക്കുനിര്‍ത്തുന്നില്ല എന്നാരോപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ. ബ്രായുടെ ഒപ്പം അയച്ച കത്തില്‍ ഇന്നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന അവസ്ഥയേപ്പറ്റി വിശദീകരിക്കുന്നുമുണ്ട് അവര്‍. മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പൊയ്ക്കഴിഞ്ഞു എന്നാണ് അവര്‍ ഉയര്‍ത്തുന്ന ആക്ഷേപം.

ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യയായ സുമന്‍ സിംഗ് എന്ന വനിതയാണ് ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ വിമര്‍ശനമറിയിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയപ്പോള്‍ പാകിസ്ഥാനോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് സുമന്‍ ഓര്‍മിപ്പിച്ചു.

അംആദ്മി പാര്‍ട്ടിയില്‍ അംഗമായ ധരംവിര്‍ സിംഗ് എന്ന മുന്‍ സൈനികന്‍ ഇന്ത്യയെ സേവിച്ചത് 1991 മുതല്‍ 2007 വരെയാണ്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീകള്‍ കുട്ടികളേയും സഹോദരരേയും രാജ്യത്തിനായി അയയ്ക്കുന്നു. എന്നാല്‍ അങ്ങനെ പോകുന്നവര്‍ക്ക് ലഭിക്കുന്നതോ കല്ലേറുകളും. 56 ഇഞ്ചിന്റെ നെഞ്ച് ഇതോടെ പോയിമറഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. ധരംവിര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും സുമന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൈനികര്‍ക്ക് സ്വതന്ത്ര അധികാരം നല്‍കണം. ഇപ്പോള്‍ സ്വന്തമായി ഒന്നും ചെയ്യാനാവാത്തവിധം അവരുടെ കൈകള്‍ ബന്ധിതമാണ്. അവര്‍ കുറിച്ചു.

താന്‍ ജമ്മു കശ്മീരില്‍ 11 വര്‍ഷം ജോലി ചെയ്തു എന്ന് ധരംവിര്‍ സിംഗ് വ്യക്തമാക്കി. പാകിസ്ഥാനെതിരെയുള്ള ചില ഓപ്പറേഷനുകളില്‍ താനും പങ്കാളിയായിട്ടുണ്ട്. രാഷ്ട്രപതിയില്‍നിന്ന് മെഡലുകളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ പ്രതിരോധ വകുപ്പില്‍ ചേരാനൊരുങ്ങുകയാണ്. അദ്ദേഹം പറഞ്ഞു.

സംഭവം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണിപ്പോള്‍. പാകിസ്ഥാനോടുള്ള മൃദു സമീപനം ശരിയല്ല എന്ന് ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഇതാദ്യമാണ്. നേരത്തെ പാകിസ്ഥാന്‍ വധിച്ച സൈനികന്റെ മകളും ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അച്ഛന്റെ രക്തസാക്ഷിത്വത്തിന് പകരമായി അന്‍പത് പാക് പട്ടാളക്കാരുടെ തലകള്‍ വേണമെന്നാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രേംസാഗറിന്റെ മകള്‍ സരോജ് പറഞ്ഞത്. എഎന്‍ഐയോടായിരുന്നു സരോജിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ദിയോരിയ സ്വദേശിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ പ്രേംസാഗര്‍. അതേസമയം പാക് സൈന്യം കൊലപ്പെടുത്തി മുഖം വികൃതമാക്കിയ സൈനികന്‍ പരംജീത് സിംഗിന്റെ കുടുംബം, രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രതികരിക്കുകയുണ്ടായി.

2013ലും സമാനമായ സംഭവമുണ്ടായിരുന്നു. 2013 ജനുവരി 8ന് പാക് അതിര്‍ത്തി രക്ഷാസേന(ബിഎടി)യാണ് ഹേംരാജ് എന്ന സൈനികന്റെ മൃതദ്ദേഹം വികൃതമാക്കിയത്, അദ്ദേഹത്തിന്റെ തല അറുത്തെടുത്ത നിലയിലായിരുന്നു. നിരവധി പരിക്കുകളും തലയിലുണ്ടായിരുന്നു. അന്ന് തന്റെ മകന്റെ തലവെട്ടിയെടുത്തിരുന്നുവെന്നും, ഇന്ന് അത്തരം സംഭവങ്ങള്‍ ദിവസേനെ കാണപ്പെടുന്നുവെന്നും അദ്ദേഹത്തിന്റെ അമ്മ പറയുന്നു. നമ്മുടെ ഒരു സൈനികനെ കൊന്നാല്‍ പത്ത് പാക് സൈനികരുടെ തലയെടുക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ ഇതുവരെയായും ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. മക്കളെ നഷ്ടമാകുന്ന രക്ഷിതാക്കളുടെ വേദന സര്‍ക്കാര്‍ കേള്‍ക്കണമെന്നും ഹേംരാജിന്റെ അമ്മ എഎന്‍ഐയോട് പറഞ്ഞിരുന്നു.

എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യ പ്രചരണ തന്ത്രങ്ങളോടൊപ്പം സൃഷ്ടിച്ച പ്രതിച്ഛായയാണ് മോദിയുടെ 56 ഇഞ്ച് നെഞ്ചളവ്. പാകിസ്ഥാനേപ്പോലുള്ള രാജ്യങ്ങളോട് ശക്തമായി ഇടപെടാന്‍ മന്മോഹന്‍ സിംഗിനേപ്പോലെയുള്ള ഒരു ദുര്‍ബല വ്യക്തിത്വത്തിന് കഴിയില്ല എന്നായിരുന്നു അന്ന് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ യുപിഎ ഭരണകാലത്തേക്കാള്‍ കൂടുതലായി പട്ടാളക്കാര്‍ക്കെതികെയുള്ള പാക് ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top