തന്നെ ‘ചതിച്ച ക്യാമാറ ചേട്ടനെ’ കാണാന്‍ ഒടുവില്‍ കുഞ്ഞു ശിവന്യ കോഴിക്കോടെത്തി; ക്യാമറാമാന് പാട്ടും പാടിക്കൊടുത്ത് തലശ്ശേരിയിലേക്ക് മടക്കം


37 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ തന്നെ ഫെയ്മസ് ആക്കി സോഷ്യല്‍ മീഡിയ താരമാക്കിയ ക്യാമറ ചേട്ടനെ കാണാന്‍ ശിവന്യയെത്തി. എസിവി ന്യൂസിന്റെ കോഴിക്കോട്ടെ സ്റ്റുഡിയോയിലെത്തിയാണ് ശിവന്യ ക്യാമറാമന്‍ കൃതേഷിനെ കണ്ടത്. കൃതേഷിനെ കണ്ട് മനസ്സു നിറയും വരെ പാട്ടും പാടിക്കൊടുത്ത് കുസൃതികളുമായാണ് ശിവന്യ മടങ്ങിയത്.

ചതിച്ചതാ, എന്നെ ചതിച്ചതാ എന്ന രസകരമായ അടിക്കുറിപ്പോടെയുള്ള വീഡിയോയിലൂടെയാണ് കുഞ്ഞു ശിവന്യ മലയാളികള്‍ക്ക് പരിചിതയായത്. തലശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ കഴിഞ്ഞ വര്‍ഷം അച്ചനും അമ്മയ്ക്കുമൊപ്പം നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് കോഴിക്കോട് എസിവി കാമറമാന്‍ കൃതേഷ് വേങ്ങേരി ഈ കുസൃതിക്കുടുക്കയുടെ ഭാവങ്ങള്‍ അതേപടി പകര്‍ത്തി ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. കൃതേഷ് വിചാരിച്ചതിലും വേഗത്തില്‍ വീഡിയോ വൈറലാവുകയും ചെയ്തു.

പേരോ വിവരമോ അറിയാതെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിച്ചു തുടങ്ങി, ആരാണീ എക്സ്പ്രഷന്‍ രാജകുമാരി എന്ന്, ഇതിനു പിന്നാലെയാണ് ഈ കൊച്ചുസുന്ദരിയെ തേടി കൃതേഷ് തന്നെ രംഗത്തിറങ്ങിയത്. ഒടുവില്‍ തലശ്ശേരി തലായി മാക്കൂട്ടം സ്വദേശി വിജേഷ്- ഷീജ ദമ്പതികളുടെ മകളായ ശിവന്യയാണ് ഈ എക്‌സ്പ്രഷന്‍ രാജകുമാരിയെന്ന് കണ്ടെത്തുകയും ചെയ്തു.

എന്തായാലും വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ശിവന്യയും കുടുംബവും കൃതേഷിനെ കാണാനെത്തിയത്. തന്നെ ചതിച്ച് ഫെയ്മസ് ആക്കിയ ചേട്ടനെ കണ്ട് സന്തോഷം പങ്കുവെച്ചാണ് ശിവ്യ മടങ്ങിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top