കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും

ഹേഗ്: ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. പാക് സൈനിക കോടതിയുടെ വിധിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് വാദം നടക്കുന്നത്.

അന്താരാഷ്ട്ര നീതിന്യായ കോടിയാണ് വാദം കേള്‍ക്കുന്നത്. ഇന്ത്യയ്ക്കായി പ്രശസ്ത അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് ഹാജരാകുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. വധശിക്ഷ താത്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി കത്തയച്ചിട്ടുണ്ട്.

ഏപ്രില്‍ മാസം പത്തിനാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. പാകിസ്താന്റെ സൈനിക നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ ആര്‍മി ആക്ട് അനുസരിച്ച് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിലാണ് കുല്‍ഭൂഷണിന്റെ വിചാരണ നടന്നത്. ചാരപ്രവര്‍ത്തി ചെയ്ത കാര്യം കുല്‍ഭൂഷണ്‍ തന്നെ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തി വരുന്നത്. കുല്‍ഭൂഷണിനെ ബന്ധപ്പെടാന്‍ ഇന്ത്യ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. കുല്‍ഭൂഷണ്‍ എവിടെയാണെന്നതിനെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ പാകിസ്താന്‍ ഇതുവരെ ഒരുവിവരവും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top