special page

‘ബുധനൂരെഴുതിയത് നന്മയുടെ പുതുചരിത്രം’; മരിച്ച പുഴയ്ക്ക് പുനര്‍ജീവന്‍ സമ്മാനിച്ച 700 തൊഴിലാളികളുടെയും 40 ദിവസത്തിന്റെയും കഥ

ശുചീകരണത്തിന് മുന്‍പ് ആറ്

ആലപ്പുഴ: മരിച്ച പുഴകളെ വീണ്ടും ജീവിപ്പിക്കാന്‍ ഭഗീരഥന്മാര്‍ക്കായി കാത്തിരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഗ്രാമത്തിന്റെ ജീവനാടിയായ ആറിന് ചരമഗീതമെഴുതാതെ അവര്‍ കൈകോര്‍ത്തു. പുഴയ്ക്ക് പുതുജീവനൊപ്പം പിറന്നത് ഒരു നവചരിത്രം കൂടിയാണ്. ആലപ്പുഴയിലെ ബുധനൂരെന്ന ഗ്രാമമാണ് ഈ പുതുമാതൃക ലോകത്തിന് സമ്മാനിച്ചത്. എഴുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളുടെ മാസങ്ങള്‍ നീണ്ട ഊര്‍ജസ്വലയതയില്‍ കുട്ടമ്പേരൂര്‍ ആറ് പുനര്‍ജനിച്ചു. ആ കഥയിങ്ങനെ.

ആലപ്പുഴ ജില്ലയിലെ ബുധനൂരെന്ന കൊച്ചുഗ്രാമമാണ് നന്മകൊണ്ട് രാജ്യശ്രദ്ധയിലേക്ക് ഉയരുന്നത്. ജീവന്റ ഒഴുക്കായ ഈ ജലശ്രോതസ് തങ്ങള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ്, ഈ ആറിനെ വീണ്ടുമൊ ഴുക്കാന്‍ ഇവര്‍ തയ്യാറായതിന് പിന്നില്‍. കാടുമൂടി, മാലിന്യങ്ങള്‍ നിറഞ്ഞ്, മത്സ്യങ്ങള്‍ ചത്തുപൊങ്ങി, ഒഴുക്ക് നിലച്ച് മരിച്ച പുഴയെയാണ് ഒന്നുരണ്ടുമാസം മുന്‍പ് വരെ ബുധനൂരുകാര്‍ കണ്ടുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ തെളിനീരൊഴുകുന്ന ഗ്രാമത്തിന്റെ മുഖശ്രീയായി കുട്ടമ്പേരൂര്‍ ആറ് മാറി. ഒരു കിലോമീറ്ററോളം തോണിയിലെത്തിയാണ് മന്ത്രി ജി സുധാകരന്‍ ഈ പദ്ധതിയെ വിലയിരുത്തിയതെന്ന് അറിയുമ്പോള്‍ തന്നെ, നിങ്ങള്‍ക്കൂഹിക്കാം ആ മാറ്റത്തെ.

ശുചീകരിക്കുന്ന തൊഴിലാളികള്‍

12 കിലോമീറ്ററോളം നീളമുള്ള പമ്പ- അച്ചന്‍കോവില്‍ നദികളുടെ കൈവഴിയാണ് പുതുചരിത്രമെഴുതിയിരിക്കുന്നത്. രാജഭരണകാലത്ത് കൃത്രിമമായി നിര്‍മ്മിച്ച ഈ ആറിന് ഒരുകാലത്ത് 120 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നു പോലും. നാടിന്റെ ഇരുകരയിലും വിളഞ്ഞ മഹത്തായ കാര്‍ഷികസംസ്‌കൃതിയുടെ കഥയും ഇന്നലെകളില്‍ ഈ നദീതടത്തിന് വിവരിക്കാനുണ്ട്. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് ചെന്നിത്തല പള്ളിയോടം പോകുന്നത് ഈ നദിയിലൂടെയായിരുന്നു. ഇരുകരയിലുമുണ്ടായ കയ്യേറ്റങ്ങളും മലിനീകരണവും പുഴയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്നു. ചെടികളും പുല്ലും മരവും വളര്‍ന്ന് പുഴയുടെ ഒഴുക്ക് നിന്നു, പുഴ കാണാനില്ലാതായി. കയ്യേറ്റത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയുടെ വീതിയും കുറഞ്ഞുവന്നു. ആറിന്റെ നാശത്തിന് ആക്കം കൂടുന്തോറും നാടിന്റെ കുടിവെള്ള പ്രശ്‌നത്തിന് ആഴവും വര്‍ധിച്ചു. ഇതോടെയാണ് പുഴയെ സംരക്ഷിക്കാന്‍ ജനം രംഗത്തിറങ്ങിയത്.

ആറിന്‍റെ ചിത്രം

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 700ഓളം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് സാഹസികമായി ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. സ്ത്രീകളും കുട്ടികളുമടങ്ങിയ ഈ 700 അംഗസേന 40 ദിവസത്തോളമെടുത്താണ് ജോലികള്‍ ചെയ്തുതീര്‍ത്തത്. പുല്ലും ചെടിയും വെട്ടിമാറ്റി, മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവര്‍ ഒരു നാടിന് പുതുജീവന്‍ സമ്മാനിക്കുകയായിരുന്നു. സ്ത്രീകള്‍ തന്നെയാണ് പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കിയത്. അതീവ ദുര്‍ഘടമായ നവീകരണ പദ്ധതി ഏറെ ക്ലേശം സഹിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വിശ്വംഭര പണിക്കര്‍ പറയുന്നു.

മന്ത്രി ജി സുധാകരനും സംഘവും ആറ് സന്ദര്‍ശിക്കുന്നു

നദി ശുചിയാക്കിയതോടെ തെളിനീരൊഴുകാന്‍ ആരംഭിച്ചു. അത് പുഴയില്‍ മാത്രമായിരുന്നില്ല, ഗ്രാമത്തിന്റെ സര്‍വജല സിരാഞരമ്പുകളിലുമായിരുന്നു. പുഴയോട് അനുബന്ധിച്ച തോടുകളിലും അരുവികളിലും വെള്ളമൊഴുക്ക് തുടങ്ങി. ഗ്രാമത്തിലെ കിണറുകളിലെ ജലനിരപ്പ് വര്‍ധിച്ചു. മത്സ്യങ്ങള്‍ തിരിച്ചുവന്നു. ബുധനൂരെന്ന ഗ്രാമം പുതുജീവിതത്തിലേക്ക് കടന്നു. നവീകരിച്ച ആറിന്റെ സമര്‍പ്പണം നിര്‍വഹിക്കാനെത്തിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞത് ആവര്‍ത്തിച്ചാല്‍ ‘ ഇതൊരു ചരിത്രസംഭവമാണ്, കേരളത്തിന് മാതൃകയാണ്’. ബുധനൂര്‍ വരുംകാല കേരളത്തിന് ഒരു വഴിവിളക്ക് തന്നെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top