നീറ്റ് പരീക്ഷ: വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ മോഹനകുമാര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂരിലാണ് കേരളത്തിന് അപമാനകരമായ സംഭവം നടന്നത്. കണ്ണൂരിലെ ചില സ്വകാര്യ സ്കൂളുകളില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ചാണ് പരിശോധന നടത്തിയത്.

ഇതുകൂടാതെ ശരീരം മറച്ച് വസ്ത്രം ധരിച്ചെത്തിയവര്‍ക്കും നിരവധി മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ച് മാറ്റിയ ശേഷമാണ് വിദ്യാര്‍ത്ഥിനികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്.

പരിശോധനാസമയത്ത് അടിവസ്ത്രം മാറ്റിച്ച കാര്യം ഒരു പെണ്‍കുട്ടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ‘മകള്‍ അകത്തുകടന്നയുടന്‍ തിരിച്ചുവരുന്നതുകണ്ടു. കയ്യില്‍ അടിവസ്ത്രമുണ്ട്. അടിവസ്ത്രമെന്നാല്‍ ഞാന്‍ വ്യക്തമായി പറയാം, ബ്രാ തന്നെ. ഇതുവെച്ച് പരീക്ഷയെഴുതുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’ പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു. ഇക്കാര്യത്തില്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍. പലപെണ്‍കുട്ടികള്‍ക്കും അടിവസ്ത്രമുപേക്ഷിച്ച് പരീക്ഷയ്ക്കിരിക്കേണ്ടി വന്നു.

മറ്റുപല പരീക്ഷാകേന്ദ്രങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രസ് കോഡ് വേണോ എന്ന അപേക്ഷാഫോമിലെ ചോദ്യത്തിന് വേണ്ട എന്നാണ് ഉത്തരം നല്‍കിയിരുന്നത് എന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് അങ്ങനെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top