ബാഹുബലി-3 ഇന്നോളം നിങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത സിനിമയായിരിക്കുമെന്ന് രാജമൗലിയുടെ ഉറപ്പ്; ബ്രഹ്മാണ്ഡചിത്രത്തിനായുള്ള കാത്തിരിപ്പില്‍ പഴയ ട്വീറ്റ് ആഘോഷമാക്കി ചലച്ചിത്രപ്രേമികള്‍

ട്വീറ്റുകളും ബാഹുബലിയും

ബാഹുബലി സിനിമ ഇവിടെ അവസാനിച്ചുവോ. ഇല്ലെന്നാണ് രാജമൗലിയുടെ വെറൈറ്റി വാരികയ്ക്ക് നല്‍കിയ അഭിമുഖം വ്യക്തമാക്കുന്നത്. നിലവിലെ കഥ മാത്രമാണ് ഈ രണ്ട് ഭാഗങ്ങളില്‍ അവസാനിക്കുന്നതെന്ന് രാജമൗലി വളരെ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. 2015 ഒക്ടോബര്‍ 25നാണ് മൂന്ന് ട്വീറ്റുകളിലൂടെ രാജമൗലിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയിരുന്നത്. നിലവിലെ സിനിമ വലിച്ച് നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് രണ്ടാംഭാഗത്തില്‍ അവസാനിപ്പിക്കുമെന്നും ട്വീറ്റുകളില്‍ രാജമൗലി പറയുന്നു.

ഒരുങ്ങുന്ന മൂന്നാംഭാഗം പക്ഷെ, ഒരു അടാറ് ഐറ്റമാകുമെന്നാണ് രാജമൗലി അന്ന് പറഞ്ഞിരുന്നത്. ഇന്നോളം ലോകത്തെ ചലച്ചിത്രാസ്വാദകര്‍ അനുഭവിച്ചിട്ടില്ലാത്ത നിലയിലുള്ള ഒരു അദ്ഭുത സിനിമയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ ബ്രഹ്മാണ്ഡചിത്രത്തിനാുള്ള കാത്തിരിപ്പിലേക്ക് പ്രേക്ഷകരെ വീണ്ടുമെത്തിക്കുന്നത്, അദ്ദേഹം ലണ്ടനില്‍ നല്‍കിയ ആ പുതിയ അഭിമുഖം തന്നെയാണ്. ഇപ്പോളും ട്വിറ്ററിലുണ്ട് ഈ പ്രതികരണങ്ങള്‍. മുന്‍ ട്വീറ്റുകളും, ഇപ്പോള്‍ ലണ്ടനില്‍ നല്‍കിയ അഭിമുഖത്തെ ഈ ട്വീറ്റുകളുമായി കൂട്ടിവായിക്കുകയാണ് പ്രേക്ഷകര്‍. അത്തരത്തിലൊരു കഥയൊരുക്കാന്‍ വിജയേന്ദ്രപ്രസാദ് തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്. എന്നാല്‍ മൂന്നാംഭാഗത്തിനുള്ള ആലോചനകള്‍ സജീവമാണെന്നും വാര്‍ത്തകളുണ്ട്.

ലോകപ്രശസ്തമായ വെറൈറ്റി വാരികയ്ക്ക് സിനിമയുടെ സംവിധായകന്‍ എസ്എസ് രാജമൗലി നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ വീണ്ടുമെത്തിയത്. ‘എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ സിനിമയ്ക്ക് അവസാനമില്ലെങ്കില്‍, നമുക്ക് നിര്‍മ്മിക്കാമല്ലോ’ വെറൈറ്റിയോട് രാജമൗലി പ്രതികരിച്ചതിങ്ങനെ. ബാഹുബലിയുടെ കഥയെഴുതിയത് രൗജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ്. അദ്ദേഹത്തിന്റെ ഒരു കഥയേ മൂന്നാംഭാഗത്തിന് തടസമായുള്ളൂവെന്ന് ചുരുക്കം. ബാഹുബലിയും മഗധീരയുമെല്ലാം പോലെയുള്ള മാന്ത്രികചിന്തയുള്ള ആ തലച്ചോറിന് ഇതിനും കഴിയുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ബാഹുബലിയുടെ കഥയില്‍ വിവിധ വെല്ലുവിളികളുണ്ടായിരുന്നെങ്കിലും, കഥയും കഥാപാത്രങ്ങളും തന്നെ തങ്ങള്‍ക്ക് വഴികാട്ടിയെന്നും വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു. ഒരു മേഖലയില്‍ മാത്രം വിപണിയുണ്ടാക്കുക ബുദ്ധിമുട്ടാണ്. അങ്ങനെ പരിമിതപ്പെടുത്തുന്നതിന് പകരം വിപണി വിപുലമാക്കാന്‍, തങ്ങള്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ, ഇപ്പോള്‍ വിപണിയും ആരാധകരും വിസ്തൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പണം പ്രതീക്ഷിച്ചിരുന്നില്ല. പണം മാത്രമല്ല, വലിയ പ്രോത്സാഹനവും, അഭിനന്ദനവും, വന്യവും ഭ്രാന്തവുമായ വികാരങ്ങളുമാണ് ലഭിക്കുന്നത്. അതും വളരെ പെട്ടന്ന് തന്നെ. ഉടന്‍ തന്നെ അടുത്ത സിനിമ ആരംഭിക്കുകയാണെന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തില്‍ ഒരു പ്രൊജക്ടും നിലവിലില്ല. മഹാഭാരതമൊഴികെയുള്ള ഒരു സിനിമയും ഇപ്പോള്‍ മനസിലില്ല. മഹാഭാരതം പക്ഷെ ഒരു പത്തുവര്‍ഷത്തിന് ശേഷമാകും ഒരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ വിപണി വിപുലമാക്കുന്നതിനെക്കുറിച്ച് തന്നെയാണ് നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയാ വര്‍ക്‌സിനും പറയാനുണ്ടായിരുന്നത്. തായ്വാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൂടി ബാഹുബലി കണ്‍ക്ലൂഷന്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ബാഹുബലി ഒന്നാംഭാഗം ഇവിടങ്ങളില്‍ കാര്യാമായി ഒന്നും നേടിയിരുന്നില്ല. അതിന് ശേഷം ദക്ഷിണ അമേരിക്കയിലേക്കും വിപണി വ്യാപിപ്പിക്കുമെന്നും ആര്‍ക്കയുടെ ഷോബു യര്‍ലാഗഢ വ്യക്തമാക്കി. ബാഹുബലിയുടെ ആദ്യ പതിപ്പ് നേടിയ കളക്ഷന്‍ റെക്കോര്‍ഡ് ആദ്യ അഞ്ച് ദിവസങ്ങള്‍കൊണ്ട് തന്നെ ബാഹുബലി കണ്‍ക്ലൂഷന്‍ മറികടന്നിരുന്നു. നിലവില്‍ ആയിരം കോടിയിലേക്കാണ് ബാഹുബലി കണ്‍ക്ലൂഷന്റെ കുതിപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top