പ്രോഗ്രാമിംഗിന്റെ ലോജിക് പഠിപ്പിക്കാതെ പുസ്തകം മന:പാഠമാക്കുന്നു, കഴിവുള്ള അധ്യാപകര്‍ വളരെക്കുറവ്; കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളേപ്പറ്റി പഠനം

പ്രതീകാത്മക ചിത്രം

കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചിറങ്ങിയവരുടെ അവസ്ഥ തുറന്നുകാട്ടുന്ന പഠനഫലം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ആയും ബിരുദ ബിരുദാനന്തര ബിരുദമായും പഠിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതം തുറന്നുകാട്ടുന്നതായി സര്‍വേ.

എംപ്ലോയബിലിറ്റി അസസ്‌മെന്റ് കമ്പനിയായ ആസ്പയറിംഗ് മൈന്‍ഡ്‌സ് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചിറങ്ങുന്നവരില്‍ വെറും 4.77 ശതമാനം മാത്രമാണ് സ്വന്തമായി പ്രോഗ്രാം ചെയ്യാനുള്ള കഴിവോടെ പുറത്തിറങ്ങുന്നത്. ബാക്കിയുള്ളവര്‍ കോഴ്‌സ് കടന്നുകൂടിയാല്‍ത്തന്നെ അത് പുസ്തകം മനപാഠം പഠിച്ചാകും.

കമ്പ്യൂട്ടറില്‍ ശരിക്കുമുള്ള പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിന് പകരം പാഠപുസ്തകങ്ങളില്‍ അമിതമായി ഊന്നിക്കൊണ്ട് പഠിപ്പിക്കുന്ന രീതിയാണ് കോളേജുകള്‍ പിന്തുടരുന്നത്. അതിലും വലിയ പ്രശ്‌നം അധ്യാപകര്‍ക്ക് പ്രോഗ്രാമിംഗ് പഠിപ്പിക്കാനറിയില്ല എന്നതാണ്. കൃത്യമായ ലോജിക്കുള്ള, ഏത് സയന്‍സ് വിഷയങ്ങളും പോലെയുള്ള പ്രോഗ്രാമിംഗ് മനസിലാകുന്നതുതന്നെ 4.77 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ്.

ടയര്‍ 1 നഗരങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നല്ലതുപോലെ പ്രോഗ്രാമിംഗ് മനസിലാകുന്നത്. ടയര്‍ 1 നഗരങ്ങളിലാണ് വലിയ കലാലയങ്ങള്‍ എന്നും കൂടുതല്‍ മികച്ച അധ്യാപകര്‍ എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ടയര്‍ 3 നഗരങ്ങളിലെ കുട്ടികള്‍ക്ക് ടയര്‍ 1 നഗരങ്ങളിലെ കുട്ടികള്‍ക്ക് മനസിലാകുന്നതിന്റെ അഞ്ചിലൊന്നേ പ്രോഗ്രാമിംഗ് മനസിലാകുന്നുള്ളൂ. അല്ലെങ്കില്‍ ടയര്‍ 1 ലെ ഓരോ 5 കുട്ടികള്‍ക്കും പഠിപ്പിക്കുന്നത് മനസിലാകുമ്പോള്‍ ടയര്‍ 1 ലെ അഞ്ചില്‍ ഒരു കുട്ടിക്കേ സംഗതി പിടികിട്ടുന്നുള്ളൂ.

500ല്‍ അധികം കോളേജുകളിലെ 36,000ത്തോളം വിദ്യാര്‍ത്ഥികളിലാണ് ആസ്പയറിംഗ് മൈന്‍ഡ്‌സ് സര്‍വേ നടത്തിയത്. ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നതാണ് പുറത്തുവന്ന പഠനം. ലഘുവായ പ്രോഗ്രാമുകളുടെ ലോജിക് പോലും അറിയാവുന്നവരുടെ എണ്ണം വളരെകുറവാണ് എന്നത് കമ്പനികള്‍ക്ക് ഇന്ത്യയോടുള്ള പ്രിയം കുറയാന്‍ ഇടയാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top