‘ഫോണ്‍ ചെയ്യുമ്പോള്‍ കട്ടായി പോകാറുണ്ടോ?’ കോളുകളുടെ വ്യക്തതയും നിലവാരവും അളക്കാന്‍ പുതിയ ആപ്പുമായി ട്രായ്

പ്രതീകാത്മക ചിത്രം

ദില്ലി: ഫോണ്‍ കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ട്രായ്. സേവനദാതാക്കളില്‍ നിന്നും നിലവാരമുള്ള സേവനം ഉറപ്പ്‌വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളുടെയും, മൊബൈല്‍ സേവന ദാതാക്കളുടെയും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിയന്ത്രിക്കാനുള്ള “ഡു നോട്ട് ഡിസ്റ്റര്‍ബ്” സൗകര്യവും പദ്ധതിയിലൂടെ പുതുക്കി നടപ്പിലാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്.

മൊബൈല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായ് കോള്‍ അവസാനിക്കുന്നതോടെ ഉപഭോക്താവിന്‌ നിലവാരം അളക്കാനുള്ള റേറ്റിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു.

മൈ കോള്‍ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാകുമെന്നാണ് ട്രായ് കരുതുന്നത്. ഇന്ത്യയില്‍ 1.2 ബില്ല്യണ്‍ ആളുകള്‍ മൊബൈല്‍ ഉപഭോക്തക്കളുണ്ട് ഇതില്‍ ചെറിയൊരു ശതമാനം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ വലിയ നേട്ടമായിരിക്കുമെന്ന് ശര്‍മ്മ വ്യക്തമാക്കി. നിലവില്‍ ഡു നോട്ട് ഡിസ്‌റ്റര്‍ബ് സൗകര്യമുണ്ടെങ്കിലും പുതിയതായി ഇറക്കാനിരിക്കുന്ന ആപ്ലിക്കേഷനില്‍ ഈ സേവനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസങ്ങള്‍ക്ക് മുന്‍പ് ട്രായ് നടത്തിയ സര്‍വ്വേയില്‍ പ്രമുഖ സേവനദാതാക്കള്‍ക്കെതിരെ കോളുകളില്‍ നേരിടുന്ന ബുദ്ധിമുട്ട് രേഖപ്പെടുത്തി ലഭിച്ച പരാതികള്‍ പുറത്ത് വിടുകയും, മൊബൈല്‍ കമ്പനികളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top