കൗതുകം നിറച്ച് വയനാട്ടില്‍ വന്‍ ആലിപ്പഴ വീഴ്ച

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ വേനല്‍മഴയാണ് അനുഭവപ്പെടുന്നത്. കുടുത്ത ചൂടിന് ശമനമേകി ശക്തമായി പെയ്ത വഴി വലിയ ആശ്വാസമാണ് നല്‍കുന്നത്. വേനല്‍മഴയില്‍ കൗതുകമായി വയനാട്ടില്‍ വന്‍ ആലിപ്പഴം വീഴ്ചയുമുണ്ടായി. അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ഒരു ആലിപ്പഴം വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വായനാട്ടിലെ ജനങ്ങള്‍ പറയുന്നത്.മഴത്തുള്ളികളേക്കാന്‍ ആലിപ്പഴമെന്നു തോന്നുംവിധത്തിലായിരുന്നു രണ്ടു ദിവസങ്ങളിലുമുണ്ടായ ആലിപ്പഴ വര്‍ഷം.


വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മേഖലയിലാണ് ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഉണ്ടായ ആലിപ്പഴ വര്‍ഷം റോഡിലും പറമ്പിലും വീടിനു മുകളില്‍ പോലും തിങ്ങിക്കൂടി നില്‍ക്കുന്ന കാഴ്ചയാണ് ബാക്കിയാക്കിയത്. തിങ്കളാഴ്ച ഉണ്ടായ ആലിപ്പഴത്തിന്റെ ശേഷിപ്പുകള്‍ റോഡില്‍ നിന്നും മാറുന്നതിനു മുന്‍പാണ് ചൊവ്വാഴ്ചയും ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടായത്.ബത്തേരിക്കടുത്ത മണിച്ചിറ, പൂമല അമ്മായിപ്പാലം, കൈപ്പഞ്ചേരി എന്നിവിടങ്ങളിലെ ഇടറോഡുകൾ പലതും ആലിപ്പഴങ്ങൾ കൊണ്ട് നിറഞ്ഞ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

ശക്തമായ ആലിപ്പഴം വീഴ്ചയില്‍ കൃഷിയിടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 12 മണിക്കൂറോളം അലിഞ്ഞു തീരാതെ അവശേഷിച്ച ആലിപ്പഴങ്ങള്‍ അല്ലറ ചില്ലറ പ്രശ്നങ്ങളും നിത്യജീവിതത്തിലുണ്ടാക്കിയെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.

എന്നാല്‍ വയനാട്ടുകാര്‍ക്ക് ഈ ആലിപ്പഴം വീഴ്ച അത്ര അപൂര്‍വ്വ കാഴ്ചയല്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാ വര്‍ഷവും മഴയ്‌ക്കൊപ്പം ഇത് പതിവാണെന്നും എന്നാല്‍ യാത്ര ദുസ്സഹമാക്കിയുള്ള ഈ വീഴ്ച കാല്‍ നൂറ്റാണ്ടിലാദ്യമാണെന്നും പഴമക്കാര്‍ പറയുന്നു. കേരളത്തില്‍ വയനാട് കൂടാതെ ഇടുക്കിയിലും ആലിപ്പഴം വീഴ്ച സാധാരണമാണ്.

എന്തായാലുും അവധി ആഘോഷിക്കാന്‍ ചുരും കേറിയെത്തിവര്‍ക്ക് ശരീരത്തിനു മനസ്സിനും കുളിര്‍മ നല്‍കിയ കാഴ്ചയായി തീര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലെ ആലിപ്പഴ വീഴ്ച.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top