സമരം തുടരുമെന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍; നടപടിയെടുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാതകള്‍ക്കെതികരെ നടത്തുന്ന സമരം തുടരുമെന്ന് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. അതേസമയം, സമരം തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എംജി രാജമാണിക്യം പറഞ്ഞു.

സമരം ഒത്തുതീര്‍പ്പാക്കുന്നതിന് യൂണിയന്‍ പ്രതിനിധികളുമായി ഗതാഗതമന്ത്രി തോമസ് ചാണ്ടി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍യിരുന്നു. ഇതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

രാത്രിഡ്യൂട്ടി സംബന്ധിച്ച് ജീവനക്കാര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പുതുതായി ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റ് കൂടി അനുവദിക്കാനും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പുതിയ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല.

രാത്രികാലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് കടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top