ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവം: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി


ദില്ലി/ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാകിസ്താന്റെ സൈനിക നടപടിയില്‍ രൂക്ഷപ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്റെ ക്രൂരതയ്ക്ക് ശക്തമായ തിരിച്ചടി സൈന്യം നല്‍കുമെന്ന് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. പാക് നടപടി അങ്ങേയറ്റം മൃഗീയവും മനുഷ്യത്വരഹിതവുമാണെന്ന് മന്ത്രി പ്രതികരിച്ചു.

“യുദ്ധ സന്ദര്‍ഭങ്ങളില്‍പ്പോലും ഇത്തരം പ്രവര്‍ത്തികള്‍ കേട്ടിട്ടില്ല. പാക് നടപടി അങ്ങേയറ്റം മൃഗീയവും മനുഷ്യത്വരഹിതവുമായിപ്പോയി. ഈ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. ഇന്ത്യന്‍ സൈന്യം അനുയോജ്യമായ രീതിയില്‍ പ്രതികരിക്കും”. അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.


പാകിസ്താന്‍ സ്വയം അവരുടെ നാശം വിളിച്ചുവരുത്തുകയാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടു. പാക് സൈന്യത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് സൈനിക നേതൃത്വവും നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്തംബറില്‍ പാകിസ്താനെ വിറപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം വേണ്ടവിധം പ്രയോജനം ചെയ്തില്ലെന്നതിന് തെളിവാണ് പുതിയ സംഭവങ്ങളെന്ന് രാജ്യസഭാംഗവും സിപിഐഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍

തിങ്കളാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ കിരാതമായ നടപടി ഉണ്ടായത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കുകയായിരുന്നു. നിയന്ത്രണ രേഖയില്‍ പെട്രോളിങ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിന് നേരെയായിരുന്നു പാക് സൈന്യം വെടിയുതിര്‍ത്തത്. സുബേദാര്‍ പരംജിത് സിംഗ്, ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടി മേഖലയിലായിരുന്നു സംഭവം. കരാര്‍ ലംഘിച്ചായിരുന്നു പാക് സൈന്യം ഇവിടെ വെടിവെപ്പ് നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top