ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ കോണ്ടം വീട്ടുപടിക്കലെത്തും, സൗജന്യമായി; ഇന്ത്യയിലെ എച്‌ഐവിയെ പിടിച്ചുകെട്ടാനുറച്ച് വിദേശ എന്‍ജിഒ

പ്രതീകാത്മക ചിത്രം

എച്ച്‌ഐവി വൈറസ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തൊക്കെ എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിലാണ് പലര്‍ക്കും അടിതെറ്റുന്നത്. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം എന്ന് അറിയാമെങ്കിലും വാങ്ങാനുള്ള മടി കാരണം പലരും അത് ഒഴിവാക്കിയേക്കാം. എന്നാല്‍ ഇനി കടയില്‍ പോയി ബുദ്ധിമുട്ടേണ്ടി വരില്ല എന്നാണ് എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ എന്ന ആഗോള സന്നദ്ധ സംഘടന പറയുന്നത്.

ചില കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ സൗജന്യമായി നിലവിലും ഗര്‍ഭ നിരോധന ഉറകള്‍ നല്‍കുന്നുണ്ടെങ്കിലും അതിന് ധാരാളം പോരായ്മകളുണ്ടെന്നാണ് സംഘടനയുടെ അഭിപ്രായം. ഒന്നാമത് അങ്ങനെ കോണ്ടം നല്‍കുന്നുണ്ട് എന്ന കാര്യം ആര്‍ക്കും അറിയില്ല. പിന്നെ തീര്‍ത്തും നിലവാരം കുറഞ്ഞവയാണ് ഇങ്ങനെ വിതരണം ചെയ്യുന്നതെന്നും ആരോപണമുണ്ട്. ആളുകള്‍ക്കാണെങ്കില്‍ വാങ്ങിക്കാന്‍ മടിയും. ഇതിനെയൊക്കെ മറികടന്ന് എച്ച്‌ഐവിയെ തളയ്ക്കാന്‍ ഒറ്റ വഴിയേയുള്ളൂ. അത് വീട്ടുപടിക്കല്‍ സാധനമെത്തിക്കുക എന്നതാണ്. -സംഘടന പറയുന്നു.

ഇന്ത്യയില്‍ 21 ലക്ഷം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സദാചാര ഭ്രാന്ത് കൊടികുത്തിനില്‍ക്കുന്ന സമൂഹത്തില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പോലും പാപമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ എച്ച്‌ഐവിയേപ്പറ്റി പറയുന്നതുപോലും തെറ്റായി മാറും. ഇത് അറിഞ്ഞാണ് എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇങ്ങനെ ഒരു മാര്‍ഗം അവലംബിക്കാന്‍ തീരുമാനിച്ചത്. ഫോണ്‍ വിളിച്ചും ഇ മെയില്‍ വഴിയും ഓര്‍ഡര്‍ ചെയ്യാനാകും.

1800 102 8102 എന്ന നമ്പരിലേക്ക് വിളിച്ച് ഓര്‍ഡര്‍ ചെയ്യാം. freecondomstoreahf@gmail.com എന്നതാണ് ഇ മെയില്‍ ഐഡി. ലൗ കോണ്ടം എന്നതാണ് ക്യാമ്പെയിന് പേര് നല്‍കിയിരിക്കുന്നത്. കുറച്ച് സ്ഥലങ്ങളില്‍ മാത്രം ലഭ്യമായ ഈ സേവനം ഒട്ടും വൈകാതെതന്നെ എല്ലായിടത്തും ലഭ്യമാകും. ഫോണ്‍ നമ്പര്‍ ടോള്‍ ഫ്രീയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top