‘അപ്പനാരാ മോന്‍?’; ആയിരം-അഞ്ഞൂറ് കോടി സിനിമകളുടെ തമ്പുരാനായ രാജമൗലിയുടെ അച്ഛനെക്കുറിച്ച്

രാജമൌലിയും പിതാവും

കൊച്ചി: റിലീസിന് മുന്‍പ് തന്നെ ബാഹുബലി കണ്‍ക്ലൂഷന്‍ അഞ്ഞൂറ് കോടിയിലെത്തിയെന്നാണ് വാര്‍ത്തകള്‍. ആദ്യമായി ആയിരം കോടിയിലെത്തുന്ന ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് ബാഹുബലി 2ന് ലഭിക്കുമെന്നുറപ്പ്. ബഹുബലിയുടെ ആദ്യഭാഗം 650 കോടിയിലേറെ രൂപ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. മാത്രമല്ല മഗധീരയും ഈച്ചയുമുള്‍പ്പെടെയുള്ള എക്കാലത്തെയും മികച്ച ഹിറ്റുകളിലേക്കും നടന്നുകയറിയ സംവിധായകനാണ് രാജമൗലി. എന്നാല്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തുമുന്നേറുന്ന ഈ അതുല്യപ്രതിഭയെ സൃഷ്ടിച്ചത് അതിനേക്കാള്‍ വലിയൊരു പ്രതിഭയാണ്. അദ്ദേഹത്തിന്റെ പേര് കെവി വിജയേന്ദ്രപ്രസാദെന്ന്. മറ്റാരുമല്ല. രാജമൗലിയുടെ പിതാവാണ് ആ സൃഷ്ടാവ്. രാജമൗലിയെ നമുക്ക് സമ്മാനിച്ചതില്‍ മാത്രമല്ല, ഈ സിനിമകള്‍ നമുക്ക് സമ്മാനിക്കുന്നതിനും കാരണം അദ്ദേഹമാണ്. ബാഹുബലിയുള്‍പ്പെടെ രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥയെഴുതിയത്, രാജമൗലിയുടെ അച്ഛനായ വിജയേന്ദ്രപ്രസാദാണ്.

ആന്ധ്രപ്രദേശിലെ കൊവ്വൂര്‍ സ്വദേശിയായ വിജയപ്രസാദ് 1988 മുതലാണ് സിനിമാ മേഖലയിലേക്ക് വരുന്നത്. 2011ല്‍ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രാജണ്ണ എന്ന ചിത്രം മികച്ചസിനിമയ്ക്കുള്ള നന്ദി ദേശീയ അവാര്‍ഡ് നേടിയിരുന്നു. അവാര്‍ഡുകളെക്കാള്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനാണ് ഈ പിതാവ്. ഇന്ന് പുറത്തിറങ്ങിയ ബാഹുബലി കണ്‍ക്ലൂഷന്‍ റീലിസിന് മുന്‍പ് തന്നെ അഞ്ഞൂറ് കോടി ക്ലബ്ബിലെത്തിയെന്നാണ് വാര്‍ത്തകള്‍, ഈയാഴ്ച തന്നെ ആയിരം കോടിയിലെത്തുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. 2015ലെ ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളും പുറത്തിറക്കിയത് വിജയേന്ദ്രപ്രസാദിന്റെ കഥയിലാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ബജ്‌രംഗീ ഭായ്ജാന്‍, ബാഹുബലിയുടെ ആദ്യഭാഗം എന്നിവയാണ് ഇവ.

ഇന്ത്യയിലെ ഏറ്റവുമധികം കളക്ഷന്‍ എക്കാലവും നേടിയ ആദ്യ അഞ്ച് ചിത്രങ്ങളില്‍ മൂന്നും ഈ കഥാകൃത്തിന്റെ കരുത്തിലാണ് ഒരുങ്ങിയത്. ഒന്നാംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ബാഹുബലി തന്നെയാണ് ഇതില്‍ മുന്നില്‍. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആയിരംകോടിയിലെത്തുന്ന ചിത്രമായിരിക്കും ബാഹുബലി കണ്‍ക്ലൂഷന്‍. പികെയ്ക്കും ഡങ്കലിനും പിന്നിലാണ് ബാഹുബലിയുടെ ഒന്നാംഭാഗത്തിന്റെ സ്ഥാനം. 650 കോടിയാണ് ഇതിലെ കളക്ഷന്‍. തൊട്ടുപിന്നില്‍ 626 കോടിയുടെ കളക്ഷനുമായുള്ള ബജ്രംഗീ ഭായ്ജാനെന്ന സല്‍മാന്‍ഖാന്‍ ചിത്രത്തിന്റെയം കഥ ഇദ്ദേഹത്തിന്റെതാണ്.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ ഇതിഹാസ ചിത്രങ്ങളാണ് ബാഹുബലിയെന്ന പേരില്‍ അച്ഛനും മകനും ചേര്‍ന്ന് 2015ലും 2017ലും നമുക്ക് മുന്നിലെത്തിച്ചത്. സസ്‌പെന്‍സില്‍ നിര്‍ത്തിയ ആദ്യചിത്രത്തിന്റെ ബാക്കി രണ്ടാം സിനിമയില്‍ രണ്ട് വര്‍ഷത്തിന് ശേഷമെത്തിക്കുക എന്ന ചങ്കൂറ്റം ഈ അച്ഛനും മകനും മാത്രമാണ് സ്വന്തം. വഴിമാറി നടക്കുന്ന ബോളിവുഡ് സിനിമകളുടെ കൂട്ടത്തിലാകും ബജ്‌രംഗീ ഭായ്ജാനെന്ന സിനിമയുടെയും സ്ഥാനം. ഹീറോയിസത്തിന്റെ ജാഡകളില്ലാതെ പ്രത്യക്ഷപ്പെട്ട സല്‍മാനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ യഥാര്‍ത്ഥ ഹീറോ കഥയെഴുതിയ കെവി വിജയേന്ദ്രപ്രസാദാണെന്ന് പറഞ്ഞത് സാക്ഷാല്‍ സല്‍മാന്‍ഖാന്‍ തന്നെയായിരുന്നു.

രാജമൗലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി വിലയിരുത്തപ്പെട്ട ഈച്ച, മഗധീര എന്നിവയും കേരളത്തിലുള്‍പ്പെടെ തരംഗംമായ ചിത്രങ്ങളാണ്. ഇവയ്ക്കായി കഥയെഴുതിയതും കെവി വിജയേന്ദ്രപ്രസാദ് തന്നെ. രണ്ട് ചിത്രങ്ങളും മൊഴിമാറ്റം ചെയ്ത്, മലയാളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. യുദ്ധവും പകയും പ്രതികാരവും പ്രണയവുമെല്ലാമുള്ള മഗധീര, ബാഹുബലിയുടെ ആദ്യരൂപമെന്ന് വേണമെങ്കില്‍ വിലയിരുത്താം. സാങ്കേതികത്തികവിലും, ഗ്രാഫിക്‌സിലുമെല്ലാം ഇന്ത്യന്‍ സിനിമയ്ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച ചിത്രമാണത്. 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 150 കോടിയോളമാണ് തീയറ്ററുകളില്‍ നിന്ന് നേടിയത്. 2013വരെ ഏറ്റവുമധികം പണംവാരിയ തെലുഗു സിനിമയായി മഗധീര തുടര്‍ന്നു. 2012ലിറങ്ങിയ ഈഗ (ഈച്ച)യെന്ന ചിത്രത്തിന് ലഭിച്ച ഏകദേശം കളക്ഷന്‍ 125കോടിയിലധികമാണ്. 2009ന് മുന്‍പുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളും സമാനമായ കളക്ഷന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത് തന്നെ.

രണ്ടാം ഭാഗവും പുറത്തിറങ്ങിയ ബാഹുബലിയുടെ കരുത്ത്, അര്‍ത്ഥവും ആഴവുമുള്ള ആ കഥ തന്നെയാണ്. ആ കഥയ്ക്ക് പിന്നില്‍ രാജമൗലിയെന്ന പ്രതിഭയുടെ അച്ഛനാണെന്നത് അതിലേറെ ആകര്‍ഷകമാണ്. ആ അച്ഛന്‍ ഒരു ചെറിയമീനല്ല. ഒരുപക്ഷെ രാജമൗലിയോളമോ അതിലേറെയോ വലിയ ഒരു കൊമ്പനാണെന്നതാണ് അതിനേറെ പ്രധാനപ്പെട്ട കാര്യം. ഈ അച്ഛനും മോനും ഇനിയെന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top