കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്കെതിരെ പാക് കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി

ദില്ലി: ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെതിരെ പാകിസ്താന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി.പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയെ കണ്ടാണ് ഹര്‍ജി കൈമാറിയത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് പാക്ക് കോടതിയില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചത്. പാക് സൈനിക നിയമത്തിന്റെ സെക്ഷന്‍ 133(ബി) അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്. പാക് സൈനിക കോടതിയുടെ നിയമം അനുസരിച്ച് കോടതി വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ 40 ദിവസത്തിനകം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാണ് പാകിസ്താനിലെ ചട്ടം. ഇത് പിന്തുടര്‍ന്നാണ് ഇന്ത്യ ഇപ്പോള്‍ വീണ്ടും നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

കുല്‍ഭൂഷന്‍ യാദവ് വിഷയത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമീഷനര്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രെട്ടറിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. നയതന്ത്ര തലത്തില്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുല്‍ഭൂഷണ്‍ യാദവിനെ ഉടന്‍ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നും കാണാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഏറ്റവും വേഗം ജാദവിനെ മോചിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും പാക്ക് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗൗതം ബംബാവാലെ പ്രതികരിച്ചു. കൂടിക്കാഴ്ചയില്‍ ജാദവിന് നയതന്ത്ര സഹായം എത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ കഴിഞ്ഞ 14നും പാക്ക് വിദേശകാര്യ സെക്രട്ടറിയെ കണ്ടിരുന്നു. ജാദവിനെതിരായ കുറ്റപത്രവും പട്ടാളക്കോടതിയുടെ വിധിയുടെ പകര്‍പ്പും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

46കാരനായ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം 14 തവണയാണ് നേരത്തെ തന്നെ പാകിസ്തന്‍ നിരസിച്ചത്.കുല്‍ഭൂഷണ്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെ പലതവണ പാക് അധികൃതരുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.ജാദവിനെ വധിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ പാകിസ്താന് താക്കീതും നല്‍കിയിരുന്നു.

ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ പരിഗണിക്കാനാവില്ലെന്നാണു പാകിസ്താന്റെ നിലപാട്. ഇത്തരം കേസുകളില്‍ നയതന്ത്ര സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി കരാറുണ്ട്. എന്നാല്‍, കേസിന്റെ ഗൗരവം കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാനാവൂയെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ചൂണ്ടിക്കാട്ടി. ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കാനാവില്ലെന്നു പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും വ്യക്തമാക്കിയിരുന്നു. അതേസമയം, ജാദവിനെ രക്ഷിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് യുഎസിലെ ഇന്ത്യന്‍ വംശജര്‍ നടത്തുന്ന ഒപ്പുശേഖരണം തുടരുകയാണ്.

മഹാരാഷ്ട്ര സ്വദേശിയായ ജാദവ് ഇന്ത്യന്‍ നാവികസേനയില്‍നിന്നു കമാന്‍ഡറായി വിരമിച്ചയാളാണ്. തുടര്‍ന്ന് ഇറാനില്‍ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹം 2016 മാര്‍ച്ച് മൂന്നിനു പാകിസ്താനിലേക്കു കടക്കാന്‍ ശ്രമിക്കവേയാണു പൊലീസ് പിടികൂടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top