അഫ്ഗാനിസ്ഥാനിലെ സൈനികക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണസംഖ്യ 140 കടന്നു

സൈനിക കേന്ദ്രത്തില്‍നിന്ന് പുറത്തുപോകുന്ന അഫ്ഗാന്‍ ആര്‍മി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനിക ക്യാമ്പിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 140 കടന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സൈനിക വേഷത്തിലെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലെ മസാര്‍ ഇ ഷരീഫുള്ള സൈനിക താവളത്തിലാണ് താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. അതേസമയം, മരണസംഖ്യ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

സൈനിക വേഷത്തില്‍ ചെക്ക്‌പോസ്റ്റ് കടന്ന പത്തോളം താലിബാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. പള്ളിയില്‍ നിന്ന് പുറത്തേക്ക് വന്നവര്‍ക്കും ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കും നേര്‍ക്കാണ് വെടിയുതിര്‍ത്തത്. മോസ്‌കിനും സൈനിക താവളത്തിനും ഇടയിലുള്ള ഭാഗത്ത് വച്ചാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടിരുന്നുവെന്നു സൈനിക കമാന്‍ഡര്‍ പറഞ്ഞു. മസാര്‍ ഇ ഷരീഫിലേത് അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ 209ാം ബറ്റാലിയന്റെ താവളമാണ്.

അടുത്തിടെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരവധി മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണ് സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണമെന്ന് താലിബാന്‍ വക്താവ് സാബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top