ജിറാഫിന് അതിവേഗത്തില്‍ വംശനാശം സംഭവിക്കുന്നുവെന്ന് വന്യജീവി സംരക്ഷണ സംഘടനകള്‍

ഉഗാണ്ടയിലെ മര്‍ച്ചിസണ്‍ ഫാള്‍സ് നാഷണല്‍ പാര്‍ക്കില്‍നിന്നൊരു ദൃശ്യം

സാധാരണ മൃഗശാലകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് അക്രമകാരികളായ മാംസഭുക്കുകളാവും. സിംഹത്തേയും കടുവയേയുമൊക്കെ ജനങ്ങള്‍ക്ക് ഭയം കലര്‍ന്ന അത്ഭുതത്തോടെയാണ് നോക്കിക്കാണുക. എന്നാല്‍ സസ്യഭുക്കുകളില്‍ കാണാന്‍ ഇതിനേക്കാള്‍ ആകര്‍ഷകത്വം ഉള്ള ഒരു ജീവിയാണ് ജിറാഫ്. നീളന്‍ കഴുത്തുമായി ഉയരത്തിലുള്ള മരങ്ങളില്‍നിന്നും ചെടികളില്‍നിന്നും ഭക്ഷണം തേടുന്ന ഇവ മൃഗശാലകളില്‍ മാത്രമായി ഒതുങ്ങേണ്ടിവരുമോ എന്നാണ് മൃഗ സ്‌നേഹികള്‍ ആശങ്കയോടെ നോക്കുന്നത്.

ജിറാഫുകളുടെ എണ്ണം വളരെ വേഗത്തില്‍ കുറഞ്ഞുവരികയാണെന്ന് ഇപ്പോള്‍ ചില മൃഗ സംരക്ഷണ സംഘടനകള്‍ പറയുന്നു. യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസിനോട് ജിറാഫിനെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സംഘടനകളാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 40 ശതമാനം ജിറാഫുകളും ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇപ്പോള്‍ 97,000 ജിറാഫുകളേ അവശേഷിക്കുന്നുള്ളൂ. കൂടുതല്‍ എണ്ണവും വേട്ടയാടപ്പെട്ടുതന്നെയാണ് ചത്തൊടുങ്ങിയത്. വേട്ടക്കാരുള്‍പ്പെടെ വന്‍ ഭീഷണിയാണ് അവ നേരിടുന്നത്. ജിറാഫ് ഇറച്ചിക്കും എല്ലുകള്‍ക്കും വന്‍ ആവശ്യകതയാണ് അന്താരാഷ്ട്ര വിപണിയിലുള്ളത്.

സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, ദ ഹ്യൂമന്‍ സൊസൈറ്റി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍, നാച്ചുറല്‍ റിസോഴ്‌സ് ഡിഫന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകളാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ അടുത്തെത്തിയിരിക്കുന്നത്. 90 ദിവസം കഴിഞ്ഞ് ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കാമെന്നാണ് സംഘടനകള്‍ക്ക് കിട്ടിയ മറുപടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top