മൂന്നാര്‍ വിഷയത്തില്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിക്കും; ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ സാധ്യത


തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായതായി സൂചന. മൂന്നാറിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാനുമാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. സിപിഐഎം നേതൃത്വത്തില്‍ നിന്നുള്‍പ്പെടെ വലിയ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

സര്‍വ്വകക്ഷി യോഗത്തിന് ശേഷമായിരിക്കും ഒഴിപ്പിക്കല്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

പാപ്പാത്തി ചോലയിലെ ഭൂമി കൈയ്യേറി സ്ഥാപിച്ചിരുന്ന കുരിശ് കഴിഞ്ഞ ദിവസം പൊളിച്ച സംഭവം വന്‍വിവാദമായ പശ്ചാത്തിലത്തിലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുക എന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചത്. കുരിശ് പൊളിച്ചതിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുകയാണ് സിപിഐ ചെയ്തത്. ഇത് സിപിഐഎം-സിപിഐ വാക്‌പ്പോര് വീണ്ടും രൂക്ഷമാക്കി. ഇതും ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി.

കുരിശ് പൊളിച്ച സംഭവത്തിലുള്ള തന്റെ നിലപാട് എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുരിശ് പൊളിച്ചതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുരിശ് പൊളിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് സിപിഐയും ആവര്‍ത്തിച്ചു. നിയമപരമായാണ് ഒഴിപ്പിക്കല്‍ നടപടികളെന്ന് സിപിഐ ചൂണ്ടിക്കാട്ടി. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ വേണമെന്ന് സിപിഐ അഭിപ്രായപ്പെട്ടു.

അതേസമയം, മൂന്നാര്‍ വിഷയത്തില്‍ ഒരുമിച്ച് പോകാന്‍ എല്‍ഡിഎഫില്‍ ധാരണയായി. മൂന്നാര്‍ വിഷയത്തില്‍ ഇപ്പോള്‍ മുന്നണിയിലെ ഒന്നും രണ്ടും കക്ഷികളായ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലാണ്. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകണമെന്നതാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നിലപാട്. ഈ നിലപാടിന് ഒപ്പം നില്‍ക്കുകയാണ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. എന്നാല്‍ ഇടുക്കിയിലെ സിപിഐഎം നേതൃത്വം തുടക്കം മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് എതിരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top