special page

കുരിശായാലും കൈയ്യേറ്റം ഒഴിപ്പിക്കണം: മുഖ്യമന്ത്രിയെ തള്ളി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സൂര്യനെല്ലി പാപ്പാത്തി ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ പിന്തുണച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കുരിശായാലും പൊളിച്ചുമാറ്റണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഏതുരൂപത്തിലുള്ള കൈയ്യേറ്റമായാലും ഒഴിപ്പിക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

കൈയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വിഎസ് പറഞ്ഞു. കൈയ്യേറ്റം ഏതുരൂപത്തിലായാലും ഒഴിപ്പിക്കണം. അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണം. വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളുന്നതാണ് വിഎസിന്റെ പ്രതികരണം. കുരിശ് പൊളിച്ചതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കുരിശ് പൊളിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം ചെയ്യുന്ന സര്‍ക്കാരാണെന്ന പ്രതീതി സൃഷ്ടിക്കലാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കുരിശ് പൊളിച്ച സംഭവത്തില്‍ സിപിഐ-സിപിഐഎം കക്ഷികള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം തന്നെ സിപിഐ തള്ളിയിരുന്നു. മൂന്നാറില്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മൂന്നാറിലെ നടപടികളെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ജനവികാരം സര്‍ക്കാരിന് എതിരാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമമെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top