കെഎം മാണിയെ ഇനി യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് നേതൃയോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ ഇനി തിരികെ വിളിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ ധാരണായായി. മാണി നിലപാട് വ്യക്തമാക്കുന്നത് വരെ ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ ഉണ്ടാകില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ‘ഒന്നും ശരിയാകാത്ത ഒരു വര്‍ഷം’ എന്ന പേരില്‍ പ്രചരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ തിരിച്ചുവിളിച്ച കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ജെഡിയു നേതാക്കളാണ് ഹസനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഇതിനെത്തുടര്‍ന്നാണ് മാണി നിലപാട് വ്യക്തമാക്കുന്നത് വരെ യുഡിഎഫ് നേതാക്കളില്‍ നിന്ന് ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനകള്‍ വേണ്ടന്ന തീരുമാനം കൈക്കൊണ്ടത്. മാണിക്ക് എപ്പോള്‍ വേണമെങ്കിലും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തിരിച്ച് വരാമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഓരോ ദിവസവും മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് നാണക്കേടാണെന്നും എന്നാല്‍ അവരെ തിരികെ കൊണ്ടുവരേണ്ടതില്ല എന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും ജെഡിയു അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ ഇതിനെ പിന്തുണച്ചു. ഹസന്റെ പ്രസ്താവന അനവസരത്തിലായിരുന്നെന്നും മലപ്പുറത്തെ വിജയത്തിന്റെ തിളക്കത്തില്‍ യുഡിഎഫ് നില്‍ക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്നും ജെഡിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഫോര്‍വേഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാവാക്കി മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ‘ഒന്നും ശരിയാകാത്ത ഒരു വര്‍ഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മാണിയെ ഹസന്‍ യുഡിഎഫിലേക്ക് ക്ഷണിച്ചത്. മലപ്പുറത്ത് മാണിയുടെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ നിലപാട് ഹസന്‍ തിരുത്തി. താന്‍ മാണിയെ ക്ഷണിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എന്നുമാണ് പിന്നീട് ഹസന്‍ പറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top