തീവ്രവാദികളെന്ന് സുപ്രീം കോടതി; യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു; സ്വത്തുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ നിര്‍ദ്ദേശം

മോസ്‌കോ: യഹോവ സാക്ഷികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി റഷ്യ. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്ന് റഷ്യന്‍ സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്നാണ് യഹോവയുടെ സാക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ നിരോധനമേര്‍പ്പെടുത്തിയത്. റഷ്യയുടെ ഉത്തരവ് രാജ്യത്തെ 170,000ത്തോളം വിശ്വാസികളെയാണ് ബാധിക്കുന്നത്.

യഹോവ സാക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് നീതിന്യായ മന്ത്രാലയം അഭിഭാഷകന്‍ സ്വെറ്റ്‌ലാന ബോറിസോവ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യഹോവ സാക്ഷി സംഘടനയെ നിരോധിക്കുന്നതായി സുപ്രീം കോടതി ജഡ്ജി യൂറി ഇവാന്‍കോ ഉത്തരവിട്ടത്. യഹോവ സാക്ഷി സംഘടനകളുടെ സ്വത്തുകള്‍   സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.സംഘടനയുടെ റഷ്യന്‍ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചുപൂട്ടാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും യഹോവ സാക്ഷികളുടെ അഭിഭാഷകന്‍ അറിയിച്ചു.

‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍’ ആരോപിച്ച് ഏകദേശം 175,000 അംഗങ്ങളുള്ള സംഘടനയുടെ ആസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിരോധിച്ചിരുന്നു.തീവ്രവാദത്തിന്റെ നിയമപരമായ നിര്‍വചനം 2006ലാണ് റഷ്യ ഭേദഗതി ചെയ്തത്. ഇത് പ്രകാരം കലാപം, വിദ്വേഷം,മതവിശ്വാസങ്ങള്‍ക്കെതിരായ പ്രഭാഷണങ്ങള്‍ നടത്തുന്നതും തീവ്രവാദത്തില്‍ ഉള്‍പ്പെടും. ഇതോടെ ലോകത്തിലെ തീവ്രവാദ സംഘടനകളോടൊപ്പമാണ് റഷ്യയില്‍ യഹോവ സാക്ഷികളും.

തീവ്രവാദം ആരോപിച്ചുകൊണ്ട് രണ്ട് വര്‍ഷം മുമ്പ് സംഘടനയുടെ അന്താരാഷ്ട്ര വെബ്‌സൈറ്റ് രാജ്യത്ത് നിരോധിച്ചിരുന്നു. നേരത്തെ അവരുടെ ബൈബിള്‍ നിരോധിക്കുകയും ചെയ്തിരുന്നു. തീവ്രവാദപരമായ ആശയങ്ങളുള്ള പുസ്തകം സൂക്ഷിച്ചുവെന്ന പേരില്‍ ഒരു പ്രാദേശിക ചെയര്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top