അണ്ണാഡിഎംകെയില്‍ സമവായത്തിന് ധാരണ; എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നും സൂചന

പനിസാമി, പനീര്‍ശെല്‍വം ( ഫയല്‍ ചിത്രം)

ചെന്നൈ : അണ്ണാഡിഎംകെയിലെ സമവായചര്‍ച്ചകള്‍ വിജയത്തിലേക്കെന്ന് സൂചന. ലയനത്തിന് മുന്നോടിയായി പനീര്‍ശെല്‍വം ക്യാംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ രാവിലെ ചേര്‍ന്ന പളനിസാമി വിഭാഗത്തിന്റെ യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എടപ്പാടി പളനിസാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും, ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാനും ഏകദേശധാരണയായെന്നാണ് സൂചന.

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തുക, ശശികല, ടിടിവി ദിനകരന്‍ എന്നിവടക്കം മന്നാര്‍ഗുഡി കുടുംബത്തിലെ എല്ലാവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പളനിസാമി ക്യാംപിന്റെ യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശശികലയുടെയും ദിനകരന്റെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.

മുഖ്യമന്ത്രി പളനിസാമിയ്ക്ക് പുറമെ, മുതിര്‍ന്ന മന്ത്രിമാരായ ഡി ജയകുമാര്‍, എസ് വി ഷണ്‍മുഖം, എസ് പി വേലുമണി, ആര്‍ വൈദ്യലിംഗം എംപി എന്നിവര്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കുന്നതോടെ, ലയനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് പനീര്‍ശെല്‍വം ക്യാംപിലെ നേതാവ് കെപി മുനുസാമി അറിയിച്ചു.

പനീര്‍ശെല്‍വം വിഭാഗവുമായുള്ള  ലയനചര്‍ച്ചകള്‍ക്കായി ഏഴംഗ സമിതിയെയും എഐഎഡിഎംകെ (അമ്മ) വിഭാഗം രൂപീകരിച്ചു. ആര്‍ വൈദ്യലിംഗം എംപിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മന്ത്രിമാരായ കെ എ സെങ്കോട്ടയ്യന്‍, ഡിണ്ടിഗല്‍ സ്രീനിവാസന്‍, ഡി ജയകുമാര്‍, പി തങ്കമണി, എസ് പി വേലുമണി, സി വി ഷണ്‍മുഖം എന്നിവരാണ് സമിതിയുള്ളത്.


പാര്‍ട്ടി ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ സമയം ചോദിച്ചതായി മന്ത്രി എസ് പി വേലുമണി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പനീര്‍ശെല്‍വം, പളനിസാമി വിഭാഗങ്ങള്‍ക്ക് ജൂണ്‍ 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.


അതിനിടെ “തങ്ങളാണ് ജയലളിതയുടെ നേര്‍ പിന്തുടര്‍ച്ചക്കാരെന്നും, എല്ലാവരും ക്ഷമ കാണിക്കണമെന്നും” ശശികലയുടെ മറ്റൊരു അനന്തരവന്‍ ജയാനന്ദ് ദിവാകരന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.  ഇതിനെതിരെ ഒപിഎസ് ക്യാംപ് രംഗത്തെത്തി. ദിവാകരനെ ഒഴിവാക്കുമ്പോഴും പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശശികല കുടുംബത്തിന്റെ രഹസ്യഅജണ്ടയാണ് ജയാനന്ദ് ദിവാകരന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് ഒപിഎസ് ക്യാംപിലെ നേതാവ് ഹരിപ്രഭാകര്‍ അഭിപ്രായപ്പെട്ടു. ഇതിനാലാണ് സശികല കുടുംബത്തിലെ എല്ലാവരെയും പാര്‍ട്ടിയുമായുള്ള ബന്ധങ്ങളില്‍ നിന്നും പൂര്‍ണ്ണമായും നീക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top