“കയ്യേറ്റത്തിന് കുരിശിനെ മറയാക്കുന്നു, കുരിശുള്ളതുകൊണ്ട് കയ്യേറ്റം കയ്യേറ്റമല്ലാതാകുന്നില്ല”; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു

ഫയല്‍ ചിത്രം

തിരുവനന്തപുരം : മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ തള്ളി സിപിഐ രംഗത്ത്. കയ്യേറ്റത്തിന് കുരിശിനെ മറയാക്കുകയാണ്. കുരിശുള്ളതുകൊണ്ട് കയ്യേറ്റം കയ്യേറ്റമല്ലാതാകുന്നില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു റിപ്പോര്‍ട്ടറോട് പറഞ്ഞു.

അവിടെ കുരിശ് മാത്രമല്ല, നൂറുകണക്കിന് ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള ഷെഡ്ഡുകളും നിര്‍മ്മിച്ചിരുന്നു. ഇക്കാര്യം കൂടി കാണാതിരിക്കരുത്. അവിടെ അനധികൃതമായി സ്ഥാപിച്ചിരുന്ന ഷെഡ്ഡും കുരിശുമാണ് പൊളിച്ചുമാറ്റിയത്. അതും നിയമപ്രകാരം നോട്ടീസ് നല്‍കി, അതിന്റെ സമയം കഴിഞ്ഞതിന് ശേഷമാണ് നീക്കം ചെയ്തത്.

അതുകൊണ്ട് അത് ഗവണ്‍മെന്റിന്റെ തീരുമാനവും നിയമപരമായ നടപടികളും പാലിച്ചുകൊണ്ട് ചെയ്ത ഒരു പ്രക്രിയയാണ്. അവിടെ അനധികൃത കയ്യേറ്റത്തിന് മറയായി, വിശ്വാസികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ കുരിശിനെ ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് യോജിപ്പില്ല. കേരളത്തിന്റെ പൊതുസമൂഹത്തിനും ഇക്കാര്യത്തോട് യോജിപ്പില്ലെന്നും പ്രകാശ് ബാബു റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top