special page

‘ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്, സ്വയം കുരിശാകണം’ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശുകൃഷി സംരക്ഷിക്കുന്നുവെന്നും ജോയ് മാത്യു

പ്രതീകാത്മകചിത്രം

സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് ഉദ്യോഗസ്ഥ സംഘം പൊളിച്ചുമാറ്റിയ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ‘ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുക യാണു വേണ്ടത്’ എന്ന തലക്കെട്ടോടെ താരം അഭിപ്രായം വ്യക്തമാക്കിയത്.

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായി സ്ഥാപിക്കുന്ന കുരിശുകളാണ് പിന്നീട് കോടികള്‍ ചിലവഴിച്ച് പള്ളിയായി മാറുന്നതെന്ന് ജോയ് മാത്യു പറയുന്നു.സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിയോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീ ബലത്തില്‍ മത മാഫിയകള്‍ ഏക്കറുകള്‍
കൈവശപ്പെടുത്തുന്നതെന്നും ജോയ് മാത്യു ആരോപിക്കുന്നു.

അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയും അത് പിന്നീട് ഒരു സഭയായി മാറുന്നതും കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണെന്നാണ് ജോയ് മാത്യു പറയുന്നത്, ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ലെന്നും എന്നാല്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്ക ണം എന്നു പറയുന്നതിന്റെ പൊരുളെന്താണെന്നും ജോയ്മാത്യു ചോദിക്കുന്നു.

ഭൂമി കൈയ്യേറി സ്ഥാപിച്ച കുരശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരു ന്നു. കേരളത്തിലെ ഒരുവിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വാസം അര്‍പ്പിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന പ്രതീകത്തെ നശിപ്പിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ആ പരാമര്‍ശത്തെയാണ് ജോയ് മാത്യൂ വിമര്‍ശിച്ചത്.

മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചു പിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവണ്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നതെന്നും  ജോയ് മാത്യു പറയുന്നു.

കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവണ്‍മ്മെന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനോട് എല്ലാ ആദരവുണ്ടെന്നും ജോയ് മാത്യൂ പറയുന്നു. എല്ലാ മതമേധാവികളും ഈ മാതൃക പിന്തുടരുകയാണെങ്കില്‍ നാടിന്  ഗുണകരമാകുമെന്നും ജോയ്മാത്യൂ പോസ്റ്റില്‍ പറയുന്നു.

ജോയ്മാത്യൂവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌
കുരിശാകരുത്‌-‌
സ്വയം കുരിശാകുകയാണു വേണ്ടത്‌

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും -പിന്നെ ഒരു രൂപക്കൂട്‌ വരും -അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി – മെഴുകുതിരി സ്റ്റാൻഡ്‌ -തുടർന്ന് ഒരു ചെറിയ ഷെഡ്‌ -അതിനു പ്രാർഥനാലയം എന്നു പേർ -പിന്നീടാണു അത്‌ കോടികൾ ചിലവഴിച്‌ പള്ളിയാക്കുക-
വെഞ്ചരിക്കൽ
കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും -ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി-
സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു
മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ
കൈവശപ്പെടുത്തുന്നത്‌-
അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറുക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌- ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുംബോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?
മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവർമ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌
കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനു
മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാത്രുക
പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ
ഓർക്കുക :
കൃസ്ത്യാനി മറ്റുള്ളവർക്ക്‌
കുരിശാകരുത്‌
‌സ്വയം കുരിശാകുകയാണു വേണ്ടത്‌-

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top