ബട്ട്‌ലറും റാണയും തകര്‍ത്തു, പഞ്ചാബിനെതിരെ മുംബൈയ്ക്ക് ഉജ്ജ്വല ജയം; അംലയുടെ സെഞ്ച്വറി പാഴായി

ഇന്‍ഡോര്‍: അംലയുടെ മനോഹര സെഞ്ച്വറിയെ ജോസ് ബട്ട്‌ലറും നിതീഷ് റാണയും തകര്‍പ്പന്‍ ഇന്നിംഗ്‌സുകളിലൂടെ മറികടന്നപ്പോള്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് എട്ടുവിക്കറ്റിന്റെ ഉജ്ജ്വല വിജയം. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം മുംബൈ വെറും 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബട്ട്‌ലര്‍ (37 പന്തില്‍ 77), റാണ (34 പന്തില്‍ 62) എന്നിവരുടെ കടന്നാക്രമണമാണ് മുംബൈയ്ക്ക് അനായാസേന വിജയം എത്തിപ്പിടിക്കുന്നതിന് സഹായകമായത്.

സ്‌കോര്‍: പഞ്ചാബ് നാലിന് 198; മുംബൈ 15.3 ഓവറില്‍ രണ്ടിന് 199. വിജയത്തോടെ ആറുകളികളില്‍ അഞ്ച് ജയവുമായി മുംബൈ പോയിന്റ് പട്ടിയില്‍ ഒന്നാം സ്ഥാനത്തെത്തി. മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ആറുകളികളിലെ നാലാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ബട്ട്ലറാണ് കളിയിലെ താരം.

കൂറ്റന്‍ വിജയലക്ഷ്യം പന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് പാര്‍ത്ഥീവ് പട്ടേലും ബട്ട്‌ലറും സമ്മാനിച്ചത്. 5.5 ഓവറില്‍ 81 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. പട്ടേല്‍ 18 പന്തില്‍ 37 റണ്‍സുമായി പുറത്തായി. നാലുഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു പട്ടേലിന്റെ ഇന്നിംഗ്‌സ്. പകരമെത്തിയ റാണ സിക്‌സറുകള്‍ മാത്രം പറത്തി മുന്നേറി. മികച്ച ഫോമിലുള്ള റാണയെ തടയാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം വിക്കറ്റില്‍ റാണയുമൊത്ത് 85 റണ്‍സ് ബട്ട്‌ലര്‍ ചേര്‍ത്തു. വെറും 7.2 ഓവറിലായിരുന്നു ഇത്. വിജയത്തിന് 33 റണ്‍സ് അകലെ ബട്ട്‌ലര്‍ പുറത്താകുമ്പോള്‍ എട്ട് വിക്കറ്റുകളും ഏഴോളം ഓവറുകളും ബാക്കുയുണ്ടായിരുന്നു. ഏഴ് ഫോറും അഞ്ച് സിക്‌സറും സഹിതം 77 റണ്‍സെടുത്ത ബട്ട്‌ലറെ മോഹിത് ശര്‍മയുടെ പന്തില്‍ മാക്‌സ് വെല്‍ പിടിച്ചാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ഇശാന്ത് ശര്‍മ നാലോവറില്‍ 58 റണ്‍സ് വഴങ്ങി.

ഏഴ് സിക്‌സറുകള്‍ സഹിതം 62 റണ്‍സെടുത്ത റാണ പുറത്താകാതെ നിന്നു. നാലാമനായി വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ നാലുപന്തില്‍ 15 റണ്‍സെടുത്ത് വിജയം നേരത്തെയാക്കി. റാണയുടെ തുടര്‍ച്ചയായ രണ്ടാമത്തേയും പരമ്പരയിലെ മൂന്നാമത്തെയും അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 60 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ അംലയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എട്ട് ഫോറും ആറുസിക്‌സറും ഉള്‍പ്പെട്ടതായിരുന്നു അംലയുടെ ഇന്നിംഗ്‌സ്. പത്താം ഐപിഎല്ലിലെ രണ്ടാമത്തെ മാത്രം സെഞ്ച്വറിയാണ് അംലയുടെ ബാറ്റില്‍ നിന്ന് പിറന്നത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ക്യാപ്റ്റന്‍ മാക്‌സ് വെല്‍ 18 പന്തില്‍ 40 റണ്‍സെടുത്ത് സ്‌കോര്‍ 200 നോട് അടുപ്പിച്ചു. മുംബൈയുടെ മലിംഗ നാലോവറില്‍ 58 റണ്‍സ് വഴങ്ങി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top