‘ഐ കാണ്ട് ഡൂ സെക്‌സീ’: സോഫിയ അഷ്‌റഫിന്റെ പുതിയ പാട്ട്, ‘സെക്‌സി’യാകാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ പറ്റില്ല എന്നു തന്നെ!

സോഫിയ അഷ്‌റഫ്

സെക്‌സി ആയിരിക്കുക എന്നത് പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അവര്‍ പറയുന്ന അഴകളവുകള്‍ ഇല്ലെങ്കില്‍ സ്ഥിരമായി അവരുടെ തുറിച്ചുനോട്ടങ്ങളില്‍ അസ്വസ്ഥമായി ജീവിക്കേണ്ടിവരും. കൊടൈക്കനാല്‍ വോണ്ട് എന്ന റാപ് ഫെയിം സോഫിയ അഷ്‌റഫിന്റെ പുതിയ പാട്ട് ‘ഐ കാണ്ട് ഡൂ സെക്‌സി’ ഇത്തരം സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് എന്നു പറയാം. ‘സിസ്റ്റേഴ്‌സ് ഫ്രം ദ സൗത്ത്’ എന്ന സിരീസിന്റെ ഭാഗമാണ് ഐ കാണ്ട് ഡൂ സെക്‌സി.

“നിന്നെയൊക്കെ മാനുഷിക പരിഗണന വെച്ച് റേപ്പ് ചെയ്യാതെ വിടും” എന്ന് മെലിഞ്ഞ ഒരു പെണ്ണിനോട് പറയുന്ന ആണും പെണ്ണും അടങ്ങുന്ന പൊതുബോധം നിലനില്‍ക്കുന്നിടത്താണ് ഐ കാണ്ട് ഡൂ സെക്‌സീ തലയുയര്‍ത്തി നില്‍ക്കുന്നത്. സെക്‌സി അല്ലാതിരിക്കുകയും അതിനെ ക്കുറിച്ച് വേവലാതിപ്പെടാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് പുതിയ പാട്ട്.

മറ്റേതു കഴിവിനെക്കാളും സെക്‌സി ആയിരിക്കുക എന്നത് പ്രാഥമിക കഴിവായി കണക്കാക്കുന്ന ഇന്ത്യന്‍ ശീലത്തെയാണ് സോഫിയ കളിയാക്കുന്നത്. സ്ത്രീശരീരത്തെക്കുറിച്ചുള്ള സാമ്പ്രദായിക വാര്‍പ്പുമാതൃകകള്‍ ഉണ്ടാക്കിയെടുത്ത, വരേണ്യ പുരുഷ ഭാവനകളെ തൃപ്തിപ്പെടുത്തുന്ന ശരീരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളെയും ഐ കാണ്ട് ഡൂ സെക്‌സി കളിയാക്കുന്നു.

“ഒരു സ്ത്രീയെ കാണാന്‍ എങ്ങനെയിരിക്കണമെന്ന നിലനില്‍ക്കുന്ന മാതൃകയിലേക്ക് ഫിറ്റ് ഇന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു മുഴുവന്‍ തലമുറ സ്ത്രീകള്‍ തന്നെയുണ്ട്. അതില്‍ നിന്ന് വ്യത്യസ്തരായ സ്ത്രീകള്‍ക്ക് തങ്ങള്‍ വിചിത്ര ജീവികളാണെന്നും കൂട്ടത്തില്‍ പെടാത്തവരാണെന്നും തോന്നുന്നു”സോഫിയ പറയുന്നു.

“ഞാന്‍ സെക്‌സി ആകുന്നതിന് എതിരല്ല. എനിക്ക് സെക്‌സിയാകുക എന്ന സമ്മര്‍ദത്തില്‍ കഴിയാനാകില്ല, അതില്‍ എനിക്ക് പ്രശ്‌നവുമില്ല. അത്രമാത്രമാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. എനിക്ക് സുന്ദരിയാകാന്‍ കഴിയില്ല എന്നല്ല ഞാന്‍ പറയുന്നത്, സെക്‌സി ആകാന്‍ കഴിയില്ല എന്നാണ്.” സോഫിയ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ.

കണ്ണടയിട്ടാല്‍ ഹാരി പോട്ടറിനെ പോലെയും, ഷേര്‍ട്ട് ഡ്രസ് ഇട്ടാല്‍ എഞ്ചിനിയറെ പോലെയും, ഡ്രസ് ഇട്ടാല്‍ വെയ്ട്രസിനെ പോലെയും, സാരിയുടുത്താല്‍ ലോറി ഡ്രൈവറെ പോലെയുമാണെന്ന് സോഫിയയുടെ നര്‍മമുള്ള വരികള്‍. എപ്പോഴും സൗന്ദര്യത്തിന്റെയും നിറവിന്റെയും അടക്കത്തിന്റെയും ഒതുക്കത്തിന്റെയും ലേബലില്‍ അടുക്കി വെച്ചിരിക്കുന്നവരാണ് ചില പെണ്ണുങ്ങള്‍ എന്നുതോന്നും. അത്രയും അടക്കവും ഒതുക്കവുമോ അഴകിനെക്കുറിച്ച് ആകുലതകളോ ഇല്ലാത്ത അലമ്പ് പെണ്ണുങ്ങള്‍ ലോകത്തെ വേറൊരു രീതിയില്‍ അറിയുന്നു, അവര്‍ വാര്‍പ്പുമാതൃകകള്‍ക്ക് പുറത്തു ജീവിക്കുന്നത് എന്നതുകൊണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top