പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും; എതിരാളി പഞ്ചാബ്

ഇന്‍ഡോര്‍: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. വിജയിച്ചാല്‍ മുംബൈയ്ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാകും. നിലവില്‍ മുംബൈ മൂന്നാം സ്ഥാനത്തും പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്ക് മത്സരം ആരംഭിക്കും.

ഐപിഎല്ലില്‍ ഇതുവരെ 18 തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഒന്‍പത് വീതം ജയങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. എന്നാല്‍ അവസാനത്തെ ഒന്‍പത് മത്സരങ്ങളില്‍ ആറിലും വിജയം മുംബൈയ്ക്കായിരുന്നു.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായി നാലുമത്സരങ്ങള്‍ ജയിച്ചാണ് മുംബൈയുടെ വരവ്. എന്നാല്‍ ആദ്യ മത്സരങ്ങള്‍ ജയിച്ച പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി തോല്‍വി നേരിടുകയായിരുന്നു. അഞ്ച് മത്സങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈയ്ക്ക് എട്ടും പഞ്ചാബിന് നാലും പോയിന്റാണുള്ളത്. എട്ട് പോയിന്റുള്ള കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഹൈദരാബാദ് രണ്ടാം സ്ഥാനത്തും.

പഞ്ചാബ് അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് അഞ്ച് റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജാക്കന്‍മാന്‍ 154 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പഞ്ചാബിനെ തകര്‍ത്തത്. എന്നാല്‍ ഗുജറാത്ത് ലയണ്‍സിനെ ആറുവിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ വരവ്. ഗുജറാത്ത് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നിധിന്‍ റാണ, പൊള്ളാര്‍ഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പാര്‍ത്ഥീവ് പട്ടേല്‍ എന്നിവരുടെ ഫോമാണ് മുംബൈ ഇന്ത്യന്‍സിന്റെ ശക്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top