‘കുരിശിന് മുകളിലെത്തിയാല്‍ സൂര്യന്‍ താഴേക്ക് വീഴും ചിലപ്പോള്‍ നൃത്തം ചെയ്യും’; ശ്രീറാം വെങ്കിട്ടരാമന്‍ പൊളിച്ചത് അദ്ഭുതക്കുരിശെന്ന് അവകാശവാദം

വീഡിയോയിലെ ദൃശ്യവും കുരിശ് തകര്‍ക്കുന്നതും

മൂന്നാര്‍: അങ്ങനെ പപ്പാത്തിച്ചോലയിലെ ആ ഭീമന്‍കുരിശ് നിലംപതിച്ചു. സ്പിരിറ്റ് ഇന്‍ ജീസസെന്ന വിശ്വാസിസമൂഹത്തിന്‍റേതാണ് ആ കുരിശെന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ബ്രിട്ടണിലുള്‍പ്പെടെ ശക്തമായ വേരുകളുള്ള ഒരു സമൂഹമെന്തിന് ഇടുക്കിയിലെ സൂര്യനെല്ലിയില്‍ ഈ കുരിശ് സ്ഥാപിക്കണമെന്ന ചോദ്യം പോലും പലരും ഉന്നയിച്ചു. എങ്കിലും ഈ വിഷയത്തെക്കുറിച്ച് ഫോണില്‍പോലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവിലിതാ അവര്‍ ഒരു വീഡിയോയിലൂടെ അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെക്കുകയാണ്.

ഫെയ്‌സ്ബുക്ക് പേജിലാണ് കുരിശിന്റെ ചരിത്രം സ്പിരിറ്റ് ഇന്‍ ജീസസ് പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ 80ലധികം വര്‍ഷമായി കുരിശ് അവിടെയുണ്ടെന്നാണ് അവകാശപ്പെടുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പഴയ മരക്കുരിശ് മാറ്റിയാണ് നിലവിലെ കുരിശ് സ്ഥാപിച്ചതെന്നും വിശ്വാസി സമൂഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. സഭയ്ക്ക് അവിടെ ഭൂമിയേ ഇല്ലെന്ന വിവരവും അവര്‍ പങ്കുവെക്കുന്നു. കുരിശ് ആ മലയില്‍ കാട്ടിയ അദ്ഭുതങ്ങളുടെ പട്ടികയും സഭ നിരത്തുന്നു. ഈ അദ്ഭുതമെല്ലാം കാട്ടിയ കുരിശാണല്ലോ ശ്രീരാം വെങ്കിട്ടരാമന്‍ പൊളിച്ച് നീക്കിയത് എന്ന ആശങ്കയിലാണ് നവമാധ്യമ ഉപയോക്താക്കളിപ്പോള്‍.

2016 ഡിസംബര്‍ 9 നൂറുകണക്കിന് ആളുകള്‍ കാഴ്ചയായി നില്‍ക്കെ കുരിശിന് ചുറ്റും നിറയെ അദ്ഭുതമായിരുന്നുവെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ മലയില്‍ കുരിശ് അദ്ഭുതം കാട്ടുമത്രേ. നൃത്തം ചെയ്യുന്നതുപോലെ ചലിക്കുന്ന സൂര്യന്‍, ആ സൂര്യന്‍ അതിവേഗം കറങ്ങും, സൂര്യന്‍ ഇടയ്ക്ക് താഴേക്ക് പതിക്കുന്നത് പോലെ കാണപ്പെടുന്നു, മലയ്ക്ക് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണ്, പൂര്‍ണവൃത്താകൃതിയിലുള്ള മഴവില്ലുണ്ട് എന്ന് നീളുന്നു ഈ കുരിശിന് പിന്നിലെ വിശ്വാസക്കഥകള്‍. ഇതിനാല്‍ കുരിശിനടുത്തേക്ക് ഭക്തജനപ്രവാഹമാണെന്നും വീഡിയോ പറഞ്ഞുവെക്കുന്നു.

പാപ്പാത്തിക്കരയില്‍ ജീവിക്കുന്ന മരിയ സൂസേയുടെ കൈവശത്തിലാണ് ഈ ഭൂമിയെന്നും സ്പിരിറ്റ് ഓഫ് ജീസസുമായി ബന്ധമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. 80 വര്‍ഷക്കാലമായി ആ കുരിശ് വെച്ചിരിക്കുന്നുവെന്ന് സൂസേ പറയുന്നുമുണ്ട്. നാല് തലമുറകളായി ഈ കുടുംബത്തിന്റെ കൈയിലാണത്രേ ഭൂമി. 1994ലും 2004ലും പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. കുടിയേറി പാര്‍ത്തതാണ് അങ്ങോട്ടെന്നും അന്നുമുതല്‍ കുരിശുണ്ടെന്നും അവര്‍ പറഞ്ഞുവെക്കുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. വീഡിയോയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ദൃശ്യങ്ങളും കാണാം.

സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിനിര്‍മ്മിച്ച ഭീമന്‍ കുരിശും പള്ളിക്ക് വേണ്ടിയുള്ള കെട്ടിടവുമാണ് ഇന്ന് പൊളിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പൊളിച്ചുമാറ്റല്‍ നടപടികള്‍ ആരംഭിച്ചത്. സബ്കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ നേതൃത്വത്തിലുള്ള ഇടപെടലിന്റെ ഭാഗമായി വന്‍ ഉദ്യോഗസ്ഥപൊലീസ് സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിക്കല്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടത്. അതേസമയം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വാഹനങ്ങള്‍ റോഡിലിട്ട് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയാണ് സംഘം ഇപ്പോള്‍ കയ്യേറ്റ സ്ഥലത്തെത്തിയത്. കനത്ത തണുപ്പിനെ വകവെക്കാതെയാണ് സംഘം മല കയറിയത്. ഈ അദ്ഭുത കുരിശാണ് ഇത്തരത്തില്‍ ശ്രീറാം വെങ്കിട്ടരാമനും സംഘവും പൊളിച്ചുമാറ്റിയതെന്നാണ് സ്പിരിറ്റ് ഓഫ് ജീസസ് ആരോപിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top