കള്ളപ്പണം വെളുപ്പിക്കല്‍: നവാസ് ഷെരീഫിനെതിരെ അന്വേഷത്തിന് സുപ്രിംകോടതി ഉത്തരവിട്ടു

ഇസ്‌ലാമാബാദ്: പാനമ പേപ്പറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കള്ളപ്പണ ആരോപണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് പാക് സുപ്രിംകോടതി ഉത്തരവിട്ടു. അന്വേഷണത്തിന് സംയുക്ത സംഘത്തെ നിയോഗിക്കണമെന്നും അനേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് നവാസ് ഷെരീഫ്.

ഷെരീഫിനോടും മക്കളോടും അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ്, സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഓഫ് പാകിസ്താന്‍ എന്നിവയടങ്ങിയതാണ് സംയുക്ത അന്വേഷണ സംഘം.

കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ രണ്ട് പേര്‍ നവാസ് ഷെരീഫിനെ അയോഗ്യനാക്കണമെന്ന നിലപാട് എടുത്തപ്പോള്‍ മൂന്ന് പേര്‍ അന്വേഷണം നടത്തണമന്ന നിലപാടാണ് കൈക്കൊണ്ടത്. പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്റെ അപേക്ഷയാണ് കോടതി പരിഗണിച്ചത്.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മൂന്ന് മക്കള്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top