മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം: എംഎസ് ധോണിക്കെതിരായ കേസ് സുപ്രിം കോടതി തള്ളി

കേസിനാസ്പദമായ ചിത്രം

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്കെതിരെ എടുത്ത ക്രിമിനല്‍ കേസ് സുപ്രിം കോടതി തള്ളി. ഹിന്ദു ദൈവമായ മഹാവിഷ്ണുവിനെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധോണിക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നതിന് ധോണിയുടെ ഭാഗത്തുനിന്ന് മനപ്പൂര്‍വ്വമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

ബിസിനസ്സ് ടുഡെ എന്ന മാസികയുടെ കവര്‍ ചിത്രത്തില്‍ ധോണി മഹാവിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ധോണിക്കെതിരെ പരാതി നല്‍കുകയായിരുന്നു. വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ധോണി യാതൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ത്തന്നെ ധോണിയെ പ്രോസിക്യൂട്ട് ചെയ്യുന്നത് നീതിനിഷേധമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാസികയുടെ എഡിറ്റര്‍ക്കെതിരായ കേസും കോടതി തള്ളിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാവിഷ്ണുവായി ധോണി സ്വയം ചിത്രീകരിച്ചതിലൂടെ ഹിന്ദുമതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കേസില്‍ പറയുന്നത്. സമാന കേസില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യഗക്ഷനായ സുപ്രിം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു.

2013 ഏപ്രില്‍ മാസത്തിലാണ് വിവാദമായ മാസിക ബിസിനസ്സ് ടുഡെ പ്രസിദ്ധീകരിച്ചത്. വിഷ്ണുവിന്റെ വേഷത്തില്‍ ധോണി കൈകളില്‍ ഷൂ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി നില്‍ക്കുന്നതാണ് ചിത്രം. ദ ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന തലക്കെട്ടില്‍ വന്ന ആര്‍ട്ടിക്കിളിലായിരുന്നു ഇത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top